Home / പേരന്റിംഗ് / ആരോഗ്യമുള്ള കുഞ്ഞരിപ്പല്ലുകള്‍
ആരോഗ്യമുള്ള കുഞ്ഞരിപ്പല്ലുകള്‍

ആരോഗ്യമുള്ള കുഞ്ഞരിപ്പല്ലുകള്‍

കുഞ്ഞുങ്ങളുടെ പാല്‍പ്പല്ല് ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കണം. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടച്ച് വൃത്തിയാക്കാം. അഞ്ചോആറോ പല്ലുകളായിക്കഴിഞ്ഞാല്‍ വൃത്തിയാക്കുന്നതിന്  ബ്രഷ് ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത വളരെ മൃദുവായ ടൂത്ത്ബ്രഷ് വിപണിയില്‍ ലഭ്യമാണ്. രാവിലെ പാലൂട്ടുന്നതിന് മുന്‍പും രാത്രി ഉറക്കുന്നതിന് മുന്‍പും പല്ലു തേപ്പിക്കണം. ഒരു അരിമണി വലുപ്പത്തില്‍ പേസ്റ്റെടുത്താല്‍ മതിയാകും. ബ്രഷുകൊണ്ട് മൃദുവായി പല്ലുകളിലൂടെ ഉരസുകയേ വേണ്ടൂ. മൂന്ന് മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം.

അതി മധുരമുള്ള പാനീയങ്ങളും ബേക്കറി സാധനങ്ങളും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്. ഇവ പല്ലുകള്‍ വളരെ വേഗം കേടാകുന്നതിനു കാരണമാകുന്നു.  അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്‍പ്പല്ല് നേരത്തെ കൊഴിഞ്ഞ് പോവാറുണ്ട്. ഇത് പുതിയ പല്ല് സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.

ചോക്കലേറ്റും മിഠായികളും  അമിതമായി കഴിക്കുന്നത് പല്ലുകള്‍ക്ക് കേടുണ്ടാക്കും. മിഠായിയും മധുര പലഹാരങ്ങളും കൊടുക്കുന്നത് കുറയ്ക്കുക. ഭക്ഷണത്തിന് ശേഷം കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഭക്ഷണത്തിന് മുന്‍പ് നല്‍കുന്നതാണ്.

രണ്ടു വയസ്സുതൊട്ട് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.  പല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യവും ധാതുക്കളും അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ ധാരാളമായി നല്‍കണം.  കറുമുറെ തിന്നാവുന്ന ആപ്പിള്‍, കാരറ്റ് എന്നിവ കുഞ്ഞിന് നല്‍കുക. എന്ത് ഭക്ഷണം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കുവാന്‍ ശീലിപ്പിക്കുക.