Home / പേരന്റിംഗ് / കുഞ്ഞുങ്ങള്‍ വെയിലേറ്റു വാടാതിരിക്കാന്‍
കുഞ്ഞുങ്ങള്‍ വെയിലേറ്റു വാടാതിരിക്കാന്‍

കുഞ്ഞുങ്ങള്‍ വെയിലേറ്റു വാടാതിരിക്കാന്‍

വേനലിന് ചൂടേറുമ്പോള്‍ മുതിര്‍ന്നവര്‍പോലും തളര്‍ന്നു പോകാറുണ്ട്. കടുത്ത വേനലില്‍ നവജാത ശിശുക്കള്‍ അസ്വസ്ഥതപ്രകടിപ്പിക്കുന്നത് സാധാരണമാണ്. നിര്‍ത്താതെയുള്ള കരച്ചില്‍, ഉയര്‍ന്ന തോതിലുള്ള പനി എന്നിവയെല്ലാം ചൂടുകാലത്ത് കുഞ്ഞുങ്ങളില്‍ കണ്ടുവരുന്നു. താപവ്യതിയാനം ക്രമീകരിക്കുന്നതിന് മസ്തിഷ്കത്തിലുള്ള അവയവങ്ങളുടെ പ്രായക്കുറവാണ് ഇതിന് പ്രധാന കാരണം. കുഞ്ഞുങ്ങളുടെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ദിവസം രണ്ടു നേരമെങ്കിലും കുളിപ്പിക്കുന്നത് നല്ലതാണ്. ശരീരം മൊത്തം എണ്ണ തേക്കുന്നത് ത്വക്കിന്റെ അയവ് നിലനിര്‍ത്തും. ശരീരത്തിലെ ജലാംശം കുറയാതിരിക്കാന്‍ കൂടെക്കൂടെ മുലയൂട്ടണം. കുപ്പിപ്പാലോ വെള്ളമോ മറ്റു പാനീയങ്ങളോ ഇക്കാലത്ത് അധികമായി കുട്ടികള്‍ക്ക് കൊടുക്കേണ്ട ആവശ്യമില്ല.

കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളില്‍ വേനല്‍ക്കാലത്ത് പല രോഗങ്ങളും കാണാറുണ്ട്. ജലാംശം കുറയുന്നതും വിയര്‍പ്പ് കൂടുന്നതുമാണ് മിക്ക രോഗങ്ങളുടെയും കാരണം. മൂത്രത്തില്‍ പഴുപ്പ്, തൊലിപ്പുറമെയുള്ള കുമിള്‍രോഗങ്ങള്‍, ബാക്ടീരിയല്‍രോഗങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് വരാം.

ഈ പ്രായത്തിലുള്ള കുട്ടികളെ ദിവസവും രണ്ടു മൂന്നു തവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കണം. കൂടുതല്‍ തവണ കുളിപ്പിക്കുന്നതും വെള്ളത്തില്‍ കുറേനേരം കിടത്തുന്നതും നല്ലതല്ല. ഇക്കാലങ്ങളില്‍ സൂര്യാഘാതമേല്‍ക്കാനും സാധ്യതയുണ്ട്. വെയില്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, നന്നായി വെള്ളം കുടിക്കുക എന്നിവയാണ് പരിഹാരമാര്‍ഗം. സൂര്യാഘാതമുണ്ടായാല്‍ തണുത്ത വെള്ളമൊഴിച്ച് ഉടന്‍ ശരീരം തണുപ്പിക്കാം. ധാരാളം വെള്ളവും നല്‍കണം. അടിയന്തര ചികിത്സ തേടാന്‍ മറക്കരുത്.

കഠിനമായ വെയിലില്‍ പുറത്തിറങ്ങാന്‍ കുട്ടികളെ അനുവദിക്കരുത്. ശരീരത്തിലെ ജലനഷ്ടം ഒഴിവാക്കാന്‍ ഇതു സഹായിക്കും. കളികള്‍ വൈകുന്നേരത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കാം. വേനലില്‍ കുട്ടികളെയുംകൊണ്ട് ദീര്‍ഘയാത്രകള്‍ കഴിയുന്നതും ഒഴിവാക്കണം. യാത്ര ആവശ്യമായാല്‍ ഇടയ്ക്കിടെ വെള്ളം കുടിപ്പിക്കാന്‍ മറക്കരുത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലും കുട്ടികളെ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിക്കണം. വിയര്‍പ്പിലൂടെ ലവണങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ ഉപ്പും മറ്റു ലവണങ്ങളുമുള്ള പാനീയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വേനലില്‍ കാര്യമായ ശ്രദ്ധ ചെലുത്തണം. ഇറുകിയതും കടും നിറത്തിലുമുള്ള വസ്ത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. നൈലോണ്‍, സിന്തറ്റിക് വസ്ത്രങ്ങള്‍ ധരിപ്പിക്കരുത്. അയഞ്ഞതും ശരീരത്തിലേക്ക് കാറ്റെത്തുന്നതുമായ കോട്ടണ്‍ വസ്ത്രങ്ങളാണ് അവര്‍ക്ക് നല്‍കേണ്ടത്.

വിയര്‍പ്പുകുരുക്കളുണ്ടാകുന്നത് വേനല്‍കാലത്ത് പതിവാണ്. തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു പരിധിവരെ ഇതകറ്റി നിര്‍ത്താം.