Home / പേരന്റിംഗ് / കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍
കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍

കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍

ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല.  ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത്‌ ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും. സ്‌നേഹത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നൈസര്‍ഗികമായ ആഗ്രഹമാണിതിന്‌ കാരണം.

കൈയിലോ ഒക്കത്തോ എടുത്തു വയ്‌ക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ എപ്പോഴും ഇഷ്‌ടമായിരിക്കും. കുഞ്ഞിന്റെ മനസിലെ സുരക്ഷിതത്വബോധമാവാം കാരണം. എന്നാല്‍ പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ ഇതുതകില്ല. അതിനാല്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല.  ഒരു വയസ്‌ കഴിഞ്ഞാല്‍ എപ്പോഴും അമ്മയും അച്‌ഛനും അടുത്തുള്ളതായിരിക്കും കുഞ്ഞിന്‌ ഇഷ്‌ടം. അമ്മയുമച്‌ഛനും തന്നെ എപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന്‌ കുഞ്ഞിന്‌ തോന്നണം.
അതുകൊണ്ടുതന്നെ പിണക്കം നടിച്ചാലും വെറുതെയായാലും തമാശയായിട്ടായാലും “ചീത്ത കുട്ടിയാ”, “നിന്നെ ഇഷ്‌ടമല്ല”, “ഞാന്‍ പൊയ്‌ക്കളയും.” എന്നൊന്നും കുഞ്ഞിനോട്‌ പറയരുത്‌.
എന്തുതന്നെ കുഞ്ഞ്‌ ആവശ്യപ്പെട്ടാലും അതിലധികം നല്‍കുന്ന രക്ഷിതാക്കളുമുണ്ട്‌. ഇവിടേയും നിയന്ത്രണം വേണം. സമ്മാനങ്ങള്‍ക്കും ഡ്രസിനും കളിപ്പാട്ടങ്ങള്‍ക്കും ഉപരിയായി അച്‌ഛനമ്മമാരുടെ സ്‌നേഹവും തന്നോടൊപ്പം ചെലവഴിക്കുന്ന സമയവുമാണ്‌ കുഞ്ഞിന്‌ വേണ്ടത്‌. സ്‌നേഹത്തോടെ സംസാരിക്കാതെ സദാ കുറ്റപ്പെടുത്തുകയോ വിരട്ടുകയോ ചെയ്‌താല്‍ അനഭിലഷണീയമായ സ്വഭാവരീതികള്‍ കുഞ്ഞില്‍ വളര്‍ന്ന്‌ വരാനിടയാകും.

അമ്മയുടെ വസ്‌ത്രത്തില്‍ തൂങ്ങി അമ്മയെ വിട്ടുമാറാത്ത കുട്ടികള്‍ ധാരാളമാണ്‌. കുഞ്ഞിനെ ഒരു നിമിഷംപോലും വിട്ടുമാറാത്ത അമ്മമാര്‍ തന്നെയാണ്‌ ഇതിനുത്തരവാദികള്‍. കുഞ്ഞുങ്ങള്‍ക്ക്‌ സ്വേച്‌ഛാനുസരണം പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ ചെറുപ്രായത്തിലേ നല്‍കണം. കുഞ്ഞിന്‌ കളിക്കാന്‍ അവസരം നല്‍കുന്നതുപോലെ മറ്റു കുട്ടികളുമായോ സ്‌നേഹമുള്ള അഭ്യുദയകാംക്ഷികളുമായോ സമയം ചെലവഴിക്കാനും അവസരം കൊടുക്കണം.