രണ്ട് വയസ്സ് കഴിഞ്ഞിട്ടും കുഞ്ഞ് ഒന്നും മിണ്ടുന്നില്ലല്ലോ… ഒരു ശബ്ദം പോലും ഉണ്ടാക്കുന്നില്ലല്ലോ…കുഞ്ഞി വായില്‍നിന്നും അച്ചയെന്നും അമ്മയെന്നുമുള്ള വിളികാത്തിരിക്കുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞ് സംസാരിക്കാന്‍ വൈകുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷന്‍ ചെറുതല്ല.
കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകുന്നതിന് ( സ്പീച്ച് ഡിലെ ) പല കാരണങ്ങളുണ്ട്. ചിലത് ജന്മനാ ഉള്ള കാരണങ്ങളാണെങ്കില്‍ മറ്റു ചിലത് വളര്‍ച്ചയുടെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഉണ്ടാവുന്നതാണ്.
കേള്‍വിശക്തിക്ക് കുഴപ്പമുള്ള കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വിമുഖത കാട്ടാറുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പാട്ടം കിലുക്കിക്കാണിച്ച് കളിപ്പിക്കുക. കുഞ്ഞ് ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധ തിരിക്കുന്നുണ്ടോ എന്ന് നോക്കുക. യാതൊരു പ്രതികരണവുമില്ലെങ്കില്‍ വിവരം നിര്‍ബന്ധമായും ഡോക്ടറെ അറിയിക്കണം. സ്ക്രീനിങ്ങ് ടെസ്റ്റ് ചെയ്ത് കേള്‍വിക്കുറവുണ്ടോ എന്നു പരിശോധിക്കണം.
നേരത്തെയുള്ള ജനനം, പാരമ്പര്യമായി കേള്‍വിശക്തിക്ക് പ്രശ്നങ്ങളുള്ള കുടുംബപശ്ചാത്തലം, എന്നിവയും മഞ്ഞപ്പിത്തം, ജന്മനാലുള്ള തൈറോയിഡ് കുഴപ്പങ്ങള്‍, ഓട്ടിസം, ബുദ്ധിമാന്ദ്യം എന്നീ രോഗങ്ങളും കുഞ്ഞുങ്ങളില്‍ കേള്‍വിക്കുറവിന് ഇടയാക്കാം.
ഇരട്ടക്കുട്ടികളാണെങ്കില്‍ ചിലപ്പോള്‍ അവരുടെ സംസാരം വൈകാറുണ്ട്. കുഞ്ഞുങ്ങളെ നന്നായി കൊഞ്ചിച്ച് അമ്മമാര്‍ സംസാരിക്കാറുണ്ടല്ലോ. ഇത് ഭാഷ പഠിക്കാന്‍ അവര്‍ക്ക് ഉത്സാഹം നല്‍കും.
മറ്റുള്ളവര്‍ പറയുന്നത് കേട്ടാലേ കുഞ്ഞുങ്ങള്‍ നന്നായി സംസാരിക്കുകയുള്ളൂ. അധികം സംസാരിക്കാത്ത മാതാപിതാക്കളുടെ മക്കള്‍ സംസാരിക്കാന്‍ വൈകുന്നത് സാധാരണമാണ്. അതുപോലെ ഒന്നിലധികം ഭാഷ പറയുന്നവരാണ് അച്ഛനമ്മമാരെങ്കില്‍ മക്കള്‍ ചിലപ്പോള്‍ ഭാഷ പഠിച്ചെടുക്കാന്‍ താമസിക്കും. കുഞ്ഞുങ്ങളുടെ സംസാരശക്തി വികസിക്കാന്‍ നിശ്ചിതമായ പ്രായമില്ല. സാധാരണനിലയില്‍ ആറ് മാസംതൊട്ട് ശബ്ദമുണ്ടാക്കിത്തുടങ്ങും. ഇതില്‍ ആഴ്ചകളുടെയോ ഒന്നോ രണ്ടോ മാസങ്ങളുടെയോ വ്യത്യാസം ഉണ്ടായാലും പേടിക്കാനില്ല. വല്ലാതെ വൈകുന്നെങ്കില്‍ പരിശോധിക്കുകയും വേണം. ആണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പെണ്‍കുട്ടികളിലാണ് ഭാഷാപരമായ കഴിവുകള്‍ വികസിക്കുന്നത്.
അച്ഛനമ്മമാരുടെ ശ്രദ്ധ കുഞ്ഞിന് എപ്പോഴും ആവശ്യമാണ്. ചില കുടുംബങ്ങളില്‍, കുഞ്ഞിന് അച്ഛനമ്മമാരുടെ ശാരീരികമായ അടുപ്പം തീരെ കിട്ടാതെ വരുമ്പോള്‍ സംസാരശേഷി വികസിക്കാതെ പോവാറുണ്ട്. വളരെ അപൂര്‍വ്വമായി, മാനസിക പീഡനങ്ങള്‍ക്കിരയാവുന്ന കുഞ്ഞുങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടാവാറുണ്ട്. വൈകാരികമായ അടുപ്പം കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമാണ്. ആരും അടുത്തില്ലാതെ ഒറ്റയ്ക്ക് ഏറെ സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങളിലും സംസാരവൈകല്യങ്ങള്‍ കാണാറുണ്ട്. ശബ്ദങ്ങളുടേയും വാക്കുകളുടേയും നടുവില്‍ ഭാഷയും സംസാരവും ശ്രദ്ധിച്ച് ജീവിക്കുമ്പോഴാണ് കുഞ്ഞുങ്ങളില്‍ ഭാഷാപരമായ കഴിവ് രൂപപ്പെടുന്നത്.
എട്ടാം മാസത്തില്‍ കുഞ്ഞ് ഒരു അക്ഷരമെങ്കിലും പറഞ്ഞിരിക്കണം. പത്താം മാസത്തില്‍ ‘കാക്ക’, ‘ അമ്മ’ എന്നിങ്ങനെ രണ്ട് വാക്കുകള്‍ വരെ പറയുന്നു. ഒന്നാം വയസ്സില്‍ രണ്ടോ മൂന്നോ വാക്കുകള്‍ അര്‍ത്ഥം മനസ്സിലാക്കിത്തന്നെ പറയും. പതിനഞ്ചാം മാസത്തില്‍ കുഞ്ഞ് വേഗത്തില്‍ സംസാരിക്കും. നമുക്കത് മുഴുവനായും മനസ്സിലാവില്ല. ആളുകളുടെ പേര് പറയും. പതിനെട്ടാം മാസത്തില്‍ കണ്ണ്, ചെവി, മൂക്ക് എന്നൊക്കെ പറയുന്നത് കേള്‍ക്കാം. രണ്ടാം വയസ്സില്‍ ‘അമ്മ പോയി ‘ എന്നും ‘ഞാന്‍ വന്നു’ എന്നുമൊക്കെ പറയും. മൂന്ന് – നാല് വയസ്സില്‍ കൊച്ചു വാചകങ്ങള്‍ പറയാറാവും.
ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഭാഷയിലേക്ക് അടുപ്പിക്കുക എളുപ്പമാണ്. ഇക്കാലത്ത് നിറപ്പകിട്ടുള്ള ചിത്ര പുസ്തകങ്ങള്‍ കുഞ്ഞിനൊപ്പമിരുന്ന് വായിച്ച് പറഞ്ഞ് കൊടുക്കുക. കടുത്ത നിറങ്ങള്‍ കുഞ്ഞിന് ഇഷ്ടമാവും. ഓരോ ചിത്രവും ചൂണ്ടിക്കാട്ടി പേര് പറഞ്ഞ് കൊടുക്കുക. പുസ്തകത്തിലെ മാത്രമല്ല, തൊടിയിലെ മരങ്ങളുടേയും പൂക്കളുടേയും പേര് ചൂണ്ടിക്കാട്ടി പറഞ്ഞ് കൊടുക്കാം. കൊച്ചു ചിത്രകഥകള്‍ ഈ പ്രായത്തില്‍ അവര്‍ക്ക് നന്നേ രസിക്കും. നല്ല താളത്തിലുള്ള കുഞ്ഞിപ്പാട്ടുകള് പാടിക്കൊടുക്കുകയും പാടിപ്പിക്കുകയും ചെയ്യുക. ഇവയെല്ലാം കുഞ്ഞുങ്ങളുടെ ഭാഷാ പരമായ കഴിവുകള്‍ വികസിക്കുന്നതിന് സഹായിക്കും.