Home / ഫീച്ചറുകള്‍ / കുറഞ്ഞ ചിലവില്‍ ലാന്‍ഡ്‌സ്കേപ്പ് ഒരുക്കാം
കുറഞ്ഞ ചിലവില്‍ ലാന്‍ഡ്‌സ്കേപ്പ് ഒരുക്കാം

കുറഞ്ഞ ചിലവില്‍ ലാന്‍ഡ്‌സ്കേപ്പ് ഒരുക്കാം

വീടിന് അഴകു നല്‍കാന്‍ മുറ്റത്ത് മനോഹരമായ പൂന്തോട്ടം വേണം എന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ വീട് പണിയുമ്പോള്‍ അല്പം സ്ഥലം പൂന്തോട്ടത്തിനായി നാം മാറ്റിവെക്കാറുണ്ട്. എത്ര കുറഞ്ഞ സ്ഥലത്ത് വീടുപണിയുമ്പോഴും കൃത്യമായി പ്ലാന്‍ ചെയ്താല്‍ അനുയോജ്യമായ പൂന്തോട്ടം ക്രമീകരിക്കാം.

പ്രകൃതിയോടിണങ്ങിയ പൂന്തോട്ടം
കൂടുതല്‍ തുക നല്‍കാതെ ചെലവുകുറഞ്ഞ രീതിയില്‍ ലാന്‍ഡ് സ്‌കേപ്പ് വീട്ടുമുറ്റത്ത് ഒരുക്കാം. വീട്ടുമുറ്റത്ത് വളരുന്ന ചെറിയമരങ്ങളും ചെടികളും നശിപ്പിക്കാതെ പൂന്തോട്ടത്തിന്റെ ഭാഗമാക്കിമാറ്റാം. പാറക്കെട്ടുകള്‍, ചെറിയഅരുവികള്‍ എന്നിവയും നശിപ്പിക്കാതെ ഇത്തരത്തില്‍ ലാന്‍ഡ്സ്‌കേപ്പിന്റെ ഭാഗമാക്കാം. പാറകള്‍ക്ക് പായല്‍പിടിക്കാതെ പെയിന്റ് അടിച്ച് മനോഹരമാക്കുകയും ചെയ്യാം.

അതിര് തിരിക്കാന്‍ കുറ്റിച്ചെടികള്‍

പഴയകാലത്ത് ചെമ്പരത്തിയും ചെത്തിയും പോലുള്ള ചെടികളാണ് മുറ്റത്തിന് അതിരു തീര്‍ത്തിരുന്നത്. എന്നാല്‍ ആധുനിക രീതിയിലുള്ള വീടുകള്‍ വന്നതോടെ മുറ്റത്ത് വളര്‍ത്തുന്ന ചെടികളിലും വിദേശികളാണ് കൂടുതല്‍. ലാന്‍ഡ്സ്‌കേപ്പ് ഒരുക്കുമ്പോള്‍ ചെമ്പരത്തി, ചെത്തി, ബൊഗൈന്‍ വില്ല പോലുള്ള ചെടികള്‍ ഉപയോഗിക്കാവുന്നതാണ്. പലനിറങ്ങളിലും വൈവിധ്യങ്ങളിലും ഇവ നമ്മുടെ നാട്ടില്‍ കണ്ടെത്താവുന്നതാണ്. ഏറെക്കാലം നിലനില്‍ക്കുന്ന ഇത്തരം നാടന്‍ ചെടികള്‍ അധികം ഉയരത്തിലല്ലാതെ വെട്ടിനിര്‍ത്തിയാല്‍ പൂന്തോട്ടത്തിന് അതിരുകളായി വളര്‍ത്താം.

ടൈലും പെബിള്‍സും വേണ്ട പുല്ല് മതി
വിലകൂടിയ ടൈല്‍‌സും പെബിള്‍സും ഒഴിവാക്കി പടര്‍ന്ന് വളരുന്ന പുല്ലുകള്‍ മുറ്റത്ത് നടാം. മഴവെള്ളം ഭൂമിയില്‍ താഴുന്നതിനും വേനല്‍ക്കാലത്ത് ചൂടുകുറയ്ക്കുന്നതിനും ഇത് സഹായകമാകും. മുറ്റത്ത് ടൈല്‍ വിരിക്കുന്നത് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. മഴക്കാലത്ത് പായല്‍ പിടിക്കുന്നതുതന്നെ പ്രധാന പ്രശ്നം. വെള്ളം ഭൂമിയില്‍ താഴാതെ ഒഴുകിപ്പോകുന്നത് ജലദൌര്‍ലഭ്യത്തിനും കാരണമാകും. ഗ്രാമീണമേഖലകളില്‍ കണ്ടുവരുന്ന കറുകപ്പുല്ല് മുറ്റത്ത് നടാന്‍ അനുയോജ്യമാണ്. അധികം പരിചരണം ആവശ്യമില്ലാതെ കറുകപ്പുല്ല് വളര്‍ത്താവുന്നതാണ്. തെച്ചി, മുല്ല, തുളസി എന്നിങ്ങനെ നാടന്‍ ചെടികള്‍ പൂന്തോട്ടത്തിനുള്ളില്‍ വളര്‍ത്താവുന്നതാണ്. വന്‍വിലകൊടുത്ത് ചെടികള്‍ വാങ്ങാതെ നമ്മുടെ നാട്ടില്‍ കാണുന്ന ചെടികളെ പരിപാലിച്ചാല്‍ സുന്ദരവും മനോഹരവുമായ പൂന്തോട്ടം വീട്ടില്‍ ഒരുക്കാം.

About Lisha Varghese

Lisha Varghese
ലിഷ വര്‍ഗീസ്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍. കുക്കിംഗ്, ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഒഴിവു സമയങ്ങളില്‍ ബ്ലോഗ് എഴുതുന്നത് ഹോബിയാക്കിയിരിക്കുന്ന ലിഷ ഫെമിന്‍ വേള്‍ഡ് കോണ്‍‌ട്രിബ്യൂട്ടര്‍ ആണ്.