Home / ഫീച്ചറുകള്‍ / ഗര്‍ഭിണികളും ഉറക്കവും
ഗര്‍ഭിണികളും ഉറക്കവും

ഗര്‍ഭിണികളും ഉറക്കവും

അമ്മയാകുന്നതോടെയാണ് ഒരു സ്ത്രീ പരിപൂര്‍ണയാകുന്നത്. കുടുംബത്തില്‍നിന്നു ലഭിക്കുന്ന കൂടുതല്‍ ശ്രദ്ധയും പരിചരണവും ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള മധുരസ്വപനങ്ങളുമെല്ലാം ഗര്‍ഭിണിയായ സ്ത്രീക്ക് സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്തിന്റേതായ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും അവള്‍ തരണം ചെയ്യേണ്ടിയിരിക്കുന്നു. മനംപിരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍കഴപ്പ്, ക്ഷീണം തുടങ്ങി ഗര്‍ഭിണികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിനു വിശ്രമം ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ടതായുണ്ട്.

ആദ്യമൂന്ന് മാസങ്ങളില്‍ സാധരണ ഉറങ്ങുന്ന സമയത്തേക്കാള്‍ അധികം ഉറക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പകല്‍സമയത്തും ശരീരം ഉറങ്ങാന്‍ ആവശ്യപ്പെട്ടെന്നിരിക്കും. പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉയര്‍ന്നതോതിലുളള ഉല്‍പാദനമാണ് ഇതിനുളള പ്രധാനകാരണം.

എന്നാല്‍ മാസങ്ങള്‍ പിന്നിടുന്നതോടെ പലരും ഉറക്കക്കുറവിന്റെ പിടിയില്‍ അകപ്പെടുന്നു.ഇതിനുളള കാരണങ്ങളില്‍ ഒന്ന് ഗര്‍ഭിണികളുടെ മാനസികാവസ്ഥയാണ്. പ്രത്യേകിച്ചും ആദ്യമായി അമ്മയാകാന്‍ ഒരുങ്ങുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. കളിച്ചും ചിരിച്ചു നടന്നവര്‍ക്ക് അമ്മയാകുന്നതോടെ ഏറിവരുന്ന ഉത്തരവാദിത്ത്വം ഒരു ബാലികേറാമലയായി തോന്നുക സ്വാഭാവികമാണല്ലോ. മാനസികസംഘര്‍ഷങ്ങള്‍ കൂടും തോറും ഉറക്കമെന്ന വിശ്രമാവസ്ഥയും നഷ്ടപ്പെടാന്‍ തുടങ്ങുന്നു.

മാസം ചെല്ലുന്തോറും വളര്‍ന്നു വരുന്ന ഗര്‍ഭസ്ഥ ശിശുവും അതോടൊപ്പം വളരുന്ന വയറും സുഖകരമായ ഉറക്കത്തിന് ഒരു വിലങ്ങുതടിയായി മാറുന്നു. ഗര്‍ഭിണിയാകുന്നതോടെ തുടരെ തുടരെയുണ്ടാകുന്ന മൂത്രശങ്കയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഗര്‍ഭിണിയുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന രക്തത്തിന്റെ അളവ് കൂടുന്നതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തോത് കൂടുന്നു. അതിന്റെ ഫലമായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതും കുഞ്ഞ് വളരുന്നതിനനുസരിച്ച് ഗര്‍ഭപാത്രത്തിനുണ്ടാകുന്ന വികസനത്തിന്റെ ഫലമായി മൂത്രസഞ്ചിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതും തുടരെയുളള മൂത്രശങ്കക്ക് കാരണമാകുന്നുണ്ട്.

ഗര്‍ഭിണികള്‍ ഉറങ്ങുന്നതിനായി ഒരു പ്രത്യേക പൊസിഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലര്‍ന്നുകിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ താറുമാറിലാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. രക്തയോട്ടം കുറയുന്നതിനും മലര്‍ന്നു കിടന്നുള്ള ഉറക്കം കാരണമാകുന്നു. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഭാരം മുഴുവനും കുടലുകളിലേക്കും പ്രധാനപ്പെട്ട രക്തധമനികളിലേക്കും കേന്ദ്രീകരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

അതിനാല്‍ ഗര്‍ഭിണികള്‍ ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് കൂടുതല്‍ അഭികാമ്യം. അതും ഇടതുവശത്തോട്ട് ചരിഞ്ഞു കിടക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇടതു വശം ചേര്‍ന്നുറങ്ങുന്നത് രക്തചംക്രമണം കൂട്ടുന്നതിന് സഹായിക്കും.തന്മൂലം പ്ലാസന്റയിലേക്കുളള രക്തപ്രവാഹം കൂടുന്നു. ഗര്‍ഭസ്ഥ ശിശുവിന് പോഷകങ്ങളും ഓക്‌സിജനും നല്ലരീതിയില്‍ ലഭിക്കുന്നതിന് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വയ്ക്കാം. ചിലര്‍ വയറിന് ഒരു സപ്പോര്‍ട്ടായും തലയിണകള്‍ വെക്കാറുണ്ട്.

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും 8-10 മണിക്കൂറുകള്‍ ഉറക്കത്തിനായി നീക്കി വെച്ചിരിക്കണം. ഉറക്കക്കുറവുളളവര്‍ എന്നും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിനു മുമ്പ് ചായ, കാപ്പി, സോഡ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായമങ്ങള്‍ക്കായി നീക്കിവെക്കുന്നത് നന്നായിരിക്കും. ഇതിനെല്ലാമുപരി സന്തോഷത്തോടെയും ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയും ഓരോ ദിവസവും ചെലവിടാനും ശ്രമിക്കണം. ഉത്കണ്ഠകളെല്ലാം മാറ്റിവെച്ച്, കുഞ്ഞുവാവ നിങ്ങളെ നോക്കി പുഞ്ചിരി തൂകുന്ന സുന്ദര നിമിഷം സ്വപ്‌നം കണ്ട് സുഖമായുറങ്ങിക്കോളൂ.