Home / ആരോഗ്യം / ചെറുക്കാം മഴക്കാല രോഗങ്ങളെ
ചെറുക്കാം മഴക്കാല രോഗങ്ങളെ

ചെറുക്കാം മഴക്കാല രോഗങ്ങളെ

ജൂണ്‍ മാസമെത്തിയതോടെ അവധിക്കാലം കഴിഞ്ഞ്‌ കുട്ടികളെ സ്‌കൂളിലേക്ക്‌ അയയ്ക്കുന്നതിന്റെ തിരക്കിലാണ് മാതാപിതാക്കള്‍. ഒപ്പം അവരുടെ വേവലാതിയും വര്‍ദ്ധിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍നിന്നും എങ്ങനെ സംരക്ഷിക്കാം എന്ന ചിന്തയാണ്‌ അവര്‍ക്ക്.  മഴക്കാലത്തിന്റെ ആരംഭഘട്ടത്തില്‍ അതായത്‌ വെയിലും മഴയുമുള്ള പ്രത്യേക അന്തരീക്ഷത്തിലാണ് രോഗങ്ങള്‍ പരത്തുന്ന വൈറസുകള്‍ പെരുകുന്നത്‌. വൈറസുകളുടെ വളര്‍ച്ചയെ തടയാന്‍ നമുക്കാവില്ല. ഇവയുടെ ആക്രമണത്തില്‍ നിന്ന്‌ രക്ഷനേടാനാണ്‌ ശ്രമിക്കേണ്ടത്‌.

രോഗങ്ങള്‍ വരാതിരിക്കാന്‍

രോഗം വന്ന്‌ ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്‌ രോഗം വരാതെ നോക്കുന്നതാണ്‌. ജലദോഷം, പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ്‌ മഴക്കാലത്ത്‌ കൂടുതലായി കാണപ്പെടുന്നത്‌. കുട്ടികളെയും  പ്രായമായവരെയും രോഗം വേഗം കീഴ്‌പെടുത്താം. ഇവര്‍ക്ക്‌ പ്രതിരോധശക്‌തി  കുറവായിരിക്കുന്നതുതന്നെ കാരണം. മഴക്കാലം തുടങ്ങുന്ന സമയത്ത്‌ മഴ നനയാതിരിക്കുക, വെള്ളം തിളപ്പിച്ച്‌ രാവിലെയും വൈകുന്നേരവും ആവി പിടിക്കുക, തണുപ്പുള്ള സമയത്ത്‌ യാത്രകള്‍ ഒഴിവാക്കുക, കൊച്ചു കുട്ടികളെ കഴിയുന്നതും പൊതിഞ്ഞു പിടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാല രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ സാധിക്കും.

സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. കാരണം ഒരു ക്ലാസ്‌ മുറിയില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ട്‌. ഇവരില്‍ ആര്‍ക്കെങ്കിലും പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ വായുവിലൂടെ അത് മറ്റുള്ളവരിലേക്ക്‌ പകരുന്നു. അതുകൊണ്ട്‌ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്‌കൂളില്‍ പോകുന്നത്‌ ഒഴിവാക്കുന്നതാവും നല്ലത്‌. മഴയുള്ള സമയത്ത്‌ കുടയോ മഴക്കോട്ടുകളോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക്‌ എത്തുന്നു. അതിനാല്‍ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ഒരു കര്‍ച്ചീഫ്‌ ഉപയോഗിച്ച്‌ മുഖം പൊത്താന്‍ കുട്ടികളെ ശീലിപ്പിക്കുക. ചുമയും ജലദോഷവും മഴക്കാലത്ത്‌ സാധാരണമാണ്‌. ഇതിന്‌ ചികിത്സയല്ല വിശ്രമമാണ്‌ ആവശ്യം. രോഗമുള്ളപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന്‌ അകലം പാലിക്കുകയും സംസാരം ഒഴിവാക്കുകയും ചെയ്യുന്നത് രോഗപ്പകര്‍ച്ച തടയുന്നതിന്‌ സഹായിക്കും. പ്രതിരോധ മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതും ഏറെ ഗുണകരമാണ്‌.

മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും മഴക്കാല രോഗങ്ങളും

പ്രമേഹം, രക്‌തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ പനിയെ തുടര്‍ന്ന്‌ അവരുടെ അടിസ്‌ഥാനരോഗപ്രശ്‌നങ്ങള്‍ വഷളാകുന്നതിനുള്ള സാധ്യതയുണ്ട്‌. പ്രമേഹമുള്ളവരില്‍ പനിയുടെ പ്രധാനകാരണം രോഗാണുബാധയാണ്‌. പനി, രക്‌തത്തിലെ ഗ്ലൂക്കോസിന്റെ നിലയില്‍ പ്രകടമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കി, പ്രമേഹനിയന്ത്രണം തകരാറിലാക്കാം. പനിയെ തുടര്‍ന്ന്‌ രക്‌തസമ്മര്‍ദവും, ഹൃദയസ്‌പന്ദന നിരക്കും വര്‍ധിക്കുന്നത്‌, ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കൂടുന്നുണ്ട്‌. ഇത്‌ ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തി ഹൃദ്രോഗികളില്‍ ഹൃദയാഘാതം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ക്കുമിടയാക്കാം. സീറോസിസ്‌ പോലെയുള്ള മാരകമായ കരള്‍രോഗം ബാധിച്ചവര്‍ക്ക്‌ പനിയെ തുടര്‍ന്ന്‌, കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ തകരാറിലാകുവാനും, തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയുവാനുമിടയാക്കും. അതുകൊണ്ട്‌ മഴക്കാലത്ത്‌ ഇത്തരം രോഗികള്‍ പനിക്കു കീഴ്‌പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തണുത്തതും ഹോട്ടല്‍ ഭക്ഷണങ്ങളും ഒഴിവാക്കുക.
മഴക്കാലത്ത്‌ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത കൂടുതലാണ്‌. അതുകൊണ്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
ചില വൈറസുകള്‍ നശിപ്പിക്കാന്‍ വെള്ളം വെട്ടി തിളയ്‌ക്കണം. അതിനു ശേഷമേ കുടിക്കാനായി ഉപയോഗിക്കാവൂ.
ഒരിക്കല്‍ തിളപ്പിച്ച്‌ അണുവിമുക്‌തമാക്കിയ വെള്ളം വീണ്ടും മലിനമാകാതെ ശ്രദ്ധിക്കണം.
വെള്ളം കൈയിട്ട്‌ എടുക്കാതെ ഫില്‍ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക.
പുറത്തുനിന്നു ലഭിക്കുന്ന മോര്‌, തൈര്‌ തുടങ്ങിയവ ഒഴിവാക്കുക. കാരണം ചിലപ്പോള്‍ അവ മലിനജലം ചേര്‍ത്ത്‌ ഉണ്ടാക്കിയവയാവാം. ഫ്രിഡ്‌ജില്‍വച്ച ശേഷം പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.

കൊതുകിനെ തുരത്താം രോഗങ്ങള്‍ അകറ്റാം

പകര്‍ച്ചവ്യാധികള്‍ പരത്തുന്നതില്‍ കൊതുകുകളുടെ പങ്ക്‌ വളരെ വലുതാണ്‌. വീടിന്റെ മുറ്റത്തും പരിസരത്തും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്കു കപ്പുകള്‍, ചിരട്ടകള്‍, ടിന്നുകള്‍, ബക്കറ്റ്‌, മറ്റു പാത്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പെണ്‍കൊതുക്‌ മുട്ടയിട്ട്‌ വിരിഞ്ഞ്‌ കൂത്താടിയായി, പിന്നീട്‌ ഒരു കൊതുകായി രൂപാന്തരപ്പെടാന്‍ ഏഴ്‌ ദിവസമെങ്കിലും ജലം ആവശ്യമാണ്‌. അതിനാല്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ഇപ്രകാരം മഴവെള്ളം കെട്ടി നില്‍ക്കുന്നത്‌ കണ്ടെത്തി മറിച്ചു കളയാന്‍ ശ്രദ്ധിക്കുക.  വീടിനു സമീപ പ്രദേങ്ങളിലുള്ള മരങ്ങളുടെ പൊത്തുകളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം, വീടിന്റെ ബ്ലോക്കായ സണ്‍ഷെയിഡുകള്‍ തുടങ്ങിയവയും ആഴ്‌ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. കൂത്താടികളെ തിന്നുന്ന മല്‍സ്യങ്ങളെ കുളങ്ങളിലും മറ്റും വര്‍ത്തുന്നത്‌ കൊതുകിന്റെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവലയുടെ ഉപയോഗം, കൊതുകുകളെ തുരത്തുവാന്‍ ഉതകുന്ന കൊതുകുതിരി തുടങ്ങിയവയും ഫലപ്രദമാണ്‌.