Home / രുചി / നാടന്‍ മീന്‍ വറ്റിച്ചത്
നാടന്‍ മീന്‍ വറ്റിച്ചത്

നാടന്‍ മീന്‍ വറ്റിച്ചത്

ചൈനീസും കോണ്ടിനെന്റലുമൊക്കെയായി വ്യത്യസ്ത രുചികള്‍ മത്സ്യ വിഭവങ്ങളില്‍ പരീക്ഷിച്ചാലും നമ്മുടെ നാടന്‍ മീന്‍‌കറിതന്നെയാണ് മലയാളിക്ക് ഏറെ പ്രിയങ്കരം. നല്ല നാടന്‍ മീന്‍ വറ്റിച്ചത് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
മീന്‍ നന്നായി കഴുകി കുടം‌പുളിയും വാളന്‍‌പുളിയും ഉപ്പും ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി വറ്റിക്കുക. നാലു കഷണം കുടം പുളിയും ഒരു വലിയ കഷണം വാളന്‍ പുളിയും ചേര്‍ത്താല്‍ മതിയാവും. കഷണങ്ങളില്‍ ഉപ്പും പുളിയും നന്നായി പിടിക്കത്തക്ക രീതിയിലാവണം വെള്ളം ചേര്‍ക്കേണ്ടത്. മീന്‍ വെന്തു കഴിയുമ്പോള്‍ കഷണങ്ങള്‍ വേറൊരു പാത്രത്തിലേയ്ക്ക് മാറ്റുക. ഇനി ആദ്യത്തെ ചട്ടി കഴുകാതെ തന്നെ അതില്‍ വെളിച്ചെണ്ണ ഒഴിച്ച് ഒരു സ്പൂണ്‍ കടുക് പൊട്ടിച്ച് ഉള്ളി നീളത്തില്‍ അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക, മൂന്നു സ്പൂണ്‍ മല്ലിപ്പൊടി, വേണ്ടത്ര എരിവിനനുസരിച്ച് മുളകുപൊടി ( നാടന്‍ മീന്‍ കറിക്ക് എരിവ് അല്പം മുന്നിട്ട് നില്‍ക്കണം എന്നാണ് ‘ശാസ്ത്രം’ കേട്ടോ. എന്തായാലും മല്ലിപ്പൊടിയേക്കാള്‍ കൂടുതല്‍ മുളകുപൊടി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം) അരസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ നന്നായി മിക്സ് ചെയ്ത് ഉള്ളി മൂപ്പിച്ചതില്‍ ഇട്ട് നന്നായി മൊരിയിക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണേ, തീയല്പം കുറച്ചോളൂ. ആവശ്യമെങ്കില്‍ അല്പം വെളിച്ചെണ്ണകൂടി ചേര്‍ക്കുകയുമാവാം. ഇനി മാറ്റിവച്ച മീനിന്റെ സ്റ്റോക്ക് അല്പം ചേര്‍ത്ത് ഒന്നു വറ്റിച്ചെടുക്കാം. അവസാനമായി മീന്‍ കഷണങ്ങള്‍ ഇതില്‍ ചേര്‍ത്ത് അധികം ഇളക്കാതെ മെല്ലെ ഓരോ കഷണങ്ങളായി അരപ്പില്‍ മിക്സ് ചെയ്യണം. കഷണങ്ങള്‍ ഉടഞ്ഞു പോകാതിരിക്കാനാണ് ഇത്രയും ശ്രദ്ധ. ഇനി ഒന്നു തിളപ്പിച്ച് അടുപ്പില്‍നിന്ന് വാങ്ങാം. നാടന്‍ മീന്‍ കറിക്ക് ചാറ് നന്നായി കുറുകി ഇരിക്കണം. സ്റ്റോക്ക് കൂടുതലാണ് ചാറ് നീണ്ടു പോയി എങ്കില്‍ മീന്‍ കഷണങ്ങള്‍ മാറ്റിയ ശേഷം കുറുക്കി എടുത്താല്‍ മതിയാകും.

About Milna

Milna
പേര് മില്‍ന ബോണി. കൊച്ചി പാലാരിവട്ടത്തുള്ള ബേക്കേര്‍സ് നെസ്റ്റ് പ്രൊപ്രൈറ്ററാണ് മില്‍ന. അറിയപ്പെടുന്ന പാചകവിദഗ്ദ്ധ. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍