Home / ചിത്രശാല / നിറക്കൂട്ടുകളുടെ കൂട്ടുകാരി
നിറക്കൂട്ടുകളുടെ കൂട്ടുകാരി

നിറക്കൂട്ടുകളുടെ കൂട്ടുകാരി

സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതയാണ് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ലതാ ജയറാം എന്ന വീട്ടമ്മ. ലതയുടെ ചിത്രപ്രദര്‍ശനങ്ങള്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. പ്രശസ്തരായ പല വ്യക്തികളുടെയും വീടുകളുടെയും, ഓഫീസുകളുടെയും ചുമരുകളെ അലങ്കരിക്കുന്നത് ഈ കലാകാരിയുടെ പെയിന്റിംഗുകളാണ്. തിരുവല്ല ബാലികാമഠം സ്കൂളിലെ കലാധ്യാപികയായിരുന്ന ശാരദാമ്മ ടീച്ചറുടെ മകള്‍ നന്നേ ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. മകളുടെ കലാവാസന തിരിച്ചറിഞ്ഞ അമ്മയുടെ പ്രോത്സാഹനം കൂടിയായതോടെ ചിത്രരചനാ മത്സരങ്ങളില്‍ ആ കൊച്ചു മിടുക്കി സമ്മാനങ്ങള്‍ വാരിക്കൂട്ടി. വിവാഹശേഷം ദുബായിലേക്ക് കുടിയേറിയ ലതയ്ക്ക് കുടുംബജീവിതത്തിന്റെ തിരക്കുകളില്‍ തന്റെ കലാസപര്യ മുന്നോട്ടു കൊണ്ടുപോകാനായില്ല. പക്ഷേ ലതയുടെ സ്വകാര്യ സ്വപ്നങ്ങളില്‍ നിറക്കൂട്ടുകള്‍ മങ്ങാതെ തിളങ്ങി നില്‍ക്കുകതന്നെയായിരുന്നു. ആ വര്‍ണ സ്വപ്നങ്ങള്‍ക്ക് ഭര്‍ത്താവും കുട്ടികളും പൂര്‍ണ പിന്തുണ നല്‍കിയതോടെ പൂര്‍വാധികം പ്രഭയോടെ നിറങ്ങളുടെ ലോകത്തേക്ക് ലത തിരിച്ചുവന്നു. സിംഗപ്പൂരിലെ പ്രശസ്തമായ Nanyang Academy of Fine Arts-ല്‍നിന്നും വെസ്റ്റേണ്‍ ആര്‍ട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ലത ഒട്ടേറെ പെയ്ന്റിംഗ് എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഓയില്‍, ആക്രിലിക് മീഡിയങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ലത ജലച്ചായത്തിലും മനോഹരങ്ങളായ ചിത്രങ്ങള്‍ രചിക്കുന്നു. ഗ്ലാസ് പെയ്ന്റിംഗ്, ഫാബ്രിക് പെയ്ന്റിംഗ് എന്നിവയും ലതയുടെ ഇഷ്ടവിനോദങ്ങളാണ്. ലതയുടെ ഫാബ്രിക്ക് വര്‍ക്കുകള്‍ സിംഗപ്പൂര്‍ മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡ് സെറ്ററാണ്. പാരമ്പര്യ രീതികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഏറ്റവും പുതിയ മീഡിയം, ടെക്നിക്ക്സ്, ഐഡിയാസ് എന്നിവ ഉപയോഗിക്കുവാനുമുള്ള കഴിവാണ് ലതയുടെ വര്‍ക്കുകളെ ആകര്‍ഷകവും മികവുറ്റതുമാക്കുന്നതെന്ന് ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പെയ്ന്റിംഗ് പോലെതന്നെ ക്രാഫ്റ്റ്സും ലത ഏറെ ഇഷ്ടപ്പെടുന്നു. പാഴ് വസ്തുക്കളില്‍നിന്ന് കലയുടെ ഇന്ദ്രജാലം തീര്‍ക്കുന്ന റീ സൈക്ലിംഗ് ആര്‍ട്ട് ആണ് ഈ കലാകാരിയുടെ ഇഷ്ടവിഷയം. എല്ലാവരും ശല്യമായിക്കരുതി തള്ളിക്കളയുന്ന പാഴ്വസ്തുക്കള്‍ ലതയുടെ കരസ്പര്‍ശത്തില്‍ മനോഹരങ്ങളായ അലങ്കാര വസ്തുക്കളായി മാറുന്ന മായാജാലം കാണുന്നവരെ അതിശയിപ്പിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ റീ സൈക്ലിംഗ് ആര്‍ട്ട് പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും, പാഴ് വസ്തുക്കളെ ഉപയോഗയോഗ്യമാക്കിതീര്‍ക്കുന്നതിലൂടെ പരിസ്ഥിതിമലിനീകരണം ഗണ്യമായതോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു പ്രകൃതിസ്നേഹിയായ ഈ കലാകാരി. പുതുമകളും വൈവിധ്യങ്ങളും തേടിയുള്ള ലതയുടെ യാത്രയ്ക്ക് ഫെമിന്‍‌വേള്‍ഡിന്റെ എല്ലാവിധ ഭാവുകങ്ങളും.

About Divya

Divya
ദിവ്യ എന്നു വിളിപ്പേര്. ആര്‍ട്സി എന്ന് ഔദ്യോഗിക നാമം. നാച്ചുറല്‍ സയന്‍സില്‍ ബി.എഡ് ചെയ്യുന്നു. യോഗ പഠിച്ചിട്ടുണ്ട്. കുക്കിംഗ്, ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍ വേള്‍ഡ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്.