Home / ഫീച്ചറുകള്‍ / പുരികങ്ങള്‍ സുന്ദരമാക്കാന്‍
പുരികങ്ങള്‍ സുന്ദരമാക്കാന്‍

പുരികങ്ങള്‍ സുന്ദരമാക്കാന്‍

സൌന്ദര്യമുള്ള കണ്ണുകളാണ് മുഖസൌന്ദര്യത്തിന്റെ ആദ്യ അളവ്. കണ്ണുകളുടെ ഭംഗി നന്നായി അറിയാന്‍ ചന്തമുള്ള പുരികങ്ങള്‍ വേണം. ഓരോ മുഖത്തിനും വ്യത്യസ്ഥമായ പുരികങ്ങളാണ് ചേരുന്നത്. കണ്ണുകള്‍ക്ക് ആകര്‍ഷകത്വം ലഭിക്കുവാന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികങ്ങളുടെ ആകൃതിയും വ്യത്യാസപ്പെടുത്തണം. പുരികങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ഐ‌ബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഷെയ്ഡ് ചെയ്യുന്നതാണ് നല്ലത്. കൂടുതല്‍ കട്ടിയായി പുരികം വരച്ചാല്‍ രോമം കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ലൈറ്റ് ഷെയ്ഡ് കൊടുത്താല്‍ മതിയാകും. പുരികത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടെങ്കില്‍ ഷെയ്ഡ് ചെയ്തതിനു ശേഷം ഐ‌ബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഫില്‍ ചെയ്യുന്നതാണ് നല്ലത്.

പുരികം ഷേപ്പ് ചെയ്യുമ്പോള്‍ ഉള്ള പുരികം പരമാവധി ഭംഗിയാക്കുവാന്‍ ശ്രമിക്കുക. വലിയ തടിച്ച മുഖമാണെങ്കില്‍ പുരികം പരമാവധി വീതിയില്‍ എടുക്കണം. വീതി കുറച്ചെടുത്താല്‍ മുഖത്തിന് വലിപ്പക്കൂടുതല്‍ തോന്നിക്കും. സാധാരണയായി പുരികം കര്‍വ് ഷേപ്പില്‍ എടുക്കുന്നതാണ് നല്ലത്. എന്നുവച്ചാല്‍ നല്ല വില്ലു പോലെ എന്നു ചുരുക്കം.  “വമ്പെഴും നിന്റെ പുരികക്കൊടിയുടെ അമ്പുകൊണ്ട്…” എന്ന് “കായലരികത്ത് വളകിലുക്കിയ” സുന്ദരിയോട് ഗായകന്‍ പറയുന്നത് ചുമ്മാതല്ലെന്നു മനസ്സിലായില്ലേ. പരന്ന മുഖം ആണെങ്കില്‍ പുരികം പരമാവധി വളച്ചെടുക്കാം. അപ്പോള്‍ മുഖത്തിന് കുറച്ചുകൂടി ഒതുക്കം തോന്നും. ചെറിയ മുഖമാണെങ്കില്‍ പുരികത്തിനു വീതിയും വളവും അല്പം കുറഞ്ഞാലും കുഴപ്പമില്ല. ഓവല്‍ ഷേപ്പ് മുഖമുള്ളവര്‍ക്ക് ചെറിയ കര്‍വ് ഷേപ്പാണ് അനുയോജ്യം. കണ്ണിന്റെ വലിപ്പം കൂടുതലായി തോന്നാനും മുഖത്തിന്റെ ആകര്‍ഷണം കൂട്ടാനും ഇത് സഹായിക്കും.

കണ്ണുകള്‍ ഉന്തിനില്‍ക്കുകയാണെങ്കില്‍ പുരികത്തിന്റെ അടിഭാഗം അല്പം മാത്രം എടുക്കുക. ഐ ഷാഡോസ് ഇടുമ്പോള്‍ വളരെ ലൈറ്റായി മാത്രം ഇടുക. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നവര്‍ പുരികം ഷേപ്പ് ചെയ്തശേഷം ഐ ഷാഡോ കളര്‍ഫുള്‍ ആയി ഇട്ടാല്‍ കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നത് മറയ്ക്കാന്‍ സാധിക്കും.

കടുകിട്ട് തിളപ്പിച്ച വെളിച്ചെണ്ണ നിത്യവും പുരികത്തില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. പുരികത്തിന് നല്ല കറുപ്പും കട്ടിയും കിട്ടും.

ഡ്രൈ സ്കിന്‍ ഉള്ളവര്‍ക്ക് പുരികം ത്രെഡ് ചെയ്യുമ്പോള്‍ വേദന കൂടുതലാണ്. അല്പം ഒലിവ് ഓയിലോ, അലോവെര ജെല്ലോ തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് പുരികം ത്രെഡ് ചെയ്താല്‍ വേദന നന്നേ കുറഞ്ഞുകിട്ടും.

തലയില്‍ താരന്‍ ഉണ്ടെങ്കില്‍ പുരികം കൊഴിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തലയിലെ താരന്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. തലയിലെ താരന്‍ അകറ്റിയശേഷം ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടിയാല്‍ പുരികരോമങ്ങള്‍ കൊഴിയുന്നത് മാറിക്കിട്ടുകയും പുരികത്തിനു നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. തുടര്‍ച്ചയായി മൂന്നു മാസമെങ്കിലും ആവണക്കെണ്ണ കൃത്യമായി പുരട്ടിയാലേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂ.

ത്രെഡ് ചെയ്യുമ്പോള്‍ പുരികത്തിന്റെ വശങ്ങള്‍ നന്നായി വലിച്ചു പിടിച്ചാല്‍ പുരികത്തില്‍ മുറിവുണ്ടാവുകയില്ലെന്നു മാത്രമല്ല വേദനയും കുറവായിരിക്കും. പുരികം ത്രെഡ് ചെയ്യുമ്പോള്‍ തടിപ്പ് ഉണ്ടാകുന്നവരാണെങ്കില്‍ അവിടം ഒരു ഐസ് ക്യൂബ് കൊണ്ട് മസ്സാജ് ചെയ്ത ശേഷം  അലോവെറ ജെല്‍ നന്നായി പുരട്ടിയിടുക. ത്രെഡ് ചെയ്ത ഭാഗത്തെ സുഷിരങ്ങള്‍ അടയുന്നതിനുവേണ്ടിയാണ് ഐസ് ക്യൂബ് കൊണ്ട് മസ്സാജ് ചെയ്യുന്നത്. ഇതുമൂലം പുരികത്തില്‍ തടിപ്പും ചുവപ്പും ഉണ്ടാവുകയില്ല.

ചിലര്‍ കുട്ടികള്‍ക്കും മറ്റും ബ്ലേഡ് കൊണ്ട് പുരികം ഷേപ്പ് ചെയ്യാറുണ്ട്. ഒരിക്കലും ബ്ലേഡ് കൊണ്ട് പുരികം ഷേപ്പ് ചെയ്യുവാന്‍ പാടില്ല. നന്നായി ഷേപ്പ് കിട്ടില്ലെന്നു മാത്രമല്ല പുരികത്തിലെ രോമവളര്‍ച്ച ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. മുറിവ് ഉണ്ടാകാനും അലര്‍ജി ഉണ്ടാകാനും സാധ്യത ഏറെയാണുതാനും. ബ്ലേഡ് കൊണ്ട് രോമങ്ങള്‍ നീക്കിയതിനുശേഷം കട്ടിയുള്ള രോമങ്ങള്‍ രൂപപ്പെടുന്നതിനാല്‍ പിന്നീട് ത്രെഡ് ചെയ്യുമ്പോള്‍ സാധാരണയില്‍ കൂടുതല്‍ വേദനയും ഉണ്ടാകും.

എത്ര നല്ല ഫേഷ്യലും മേക്കപ്പും ചെയ്താലും മുഖത്തിന്റെ ആകര്‍ഷണീയതയ്ക്കു പൂര്‍ണത ലഭിക്കണമെങ്കില്‍ പുരികത്തിന്റെ ഷേപ്പ് അനുയോജ്യമായിരിക്കേണ്ടത് അത്യാവശ്യമാണ്. നല്ലയൊരു പ്രൊഫഷണല്‍ ബ്യൂട്ടീഷ്യനു മാത്രമേ ഓരോരുത്തരുടെയും മുഖത്തിനു ചേരുന്ന വിധത്തില്‍ പുരികങ്ങള്‍ ഷേപ്പ് ചെയ്യുവാന്‍ സാധിക്കൂ.

About Reema

Reema
ഡോ. റീമ പത്മകുമാര്‍ , കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള റീമ തിരുവനന്തപുരം റീംസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്. കോസ്മറ്റിക് രംഗത്തെ ആധികാരിക വ്യക്തിത്വങ്ങളില്‍ ഒരാളായ റീമ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുവരുന്നു. പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്കുവേണ്ടി ബ്യൂട്ടി സെമിനാറുകള്‍ കണ്ടക്ട് ചെയ്യുന്ന ഡോ. റീമ വിവിധ വനിതാ മാസികകളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്. കൌമുദി ചാനലില്‍ ‘ലേഡീസ് അവര്‍’ എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റീമയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്.