Home / ആരോഗ്യം / ലൈംഗിക മനോവികാസം
ലൈംഗിക മനോവികാസം

ലൈംഗിക മനോവികാസം

ഒരു വ്യക്തിയുടെ  ജനനം മുതല്‍ ഓരോ വളര്‍ച്ചാ ഘട്ടത്തിലും ശാരീരികവും മാനസികവുമായ ലൈംഗിക വളര്‍ച്ച ഉണ്ടാകുന്നുവെങ്കിലും പ്രധാനമായും കൌമാര കാലഘട്ടം തുടങ്ങി യൌവനം വരെയാണ് ലൈംഗികവികാസം സംഭവിക്കുന്നത്.

കൌമാരത്തുടക്കം
പെണ്‍കുട്ടികളില്‍ 9 തൊട്ട് 13 വരെവയസും, ആണ്‍കുട്ടികളില്‍ 11 തൊട്ട് 14വരെവയസുമാണ് കൌമാരത്തുടക്കം. ഈ കാലയളവില്‍ ആണ്‍കുട്ടികളില്‍ മുഖരോമങ്ങള്‍, മാംസപേശികള്‍, പെണ്‍കുട്ടികളില്‍സ്തനങ്ങള്‍ എന്നിങ്ങനെ ലിംഗസൂചകങ്ങളായ ശാരീരികസവിശേഷതകള്‍ പ്രത്യക്ഷപ്പെടുന്നു. ലൈംഗികാവയവങ്ങള്‍വളരുന്നു. ചിലരിലെങ്കിലും ഇതൊക്കെ കൂട്ടുകാരുമായുള്ള താരതമ്യങ്ങള്‍ക്കും തനിക്കു വല്ല ന്യൂനതകളുമുണ്ടോ എന്ന സന്ദേഹങ്ങള്‍ക്കും വഴിവെക്കുന്നു. ലജ്ജയും കൂടുതല്‍ സ്വകാര്യത കിട്ടണമെന്ന ചിന്താഗതിയുംജനിക്കുന്നു. ലൈംഗികചിന്തകളും താല്‍പര്യങ്ങളും ഉറവെടുക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവവും ആണ്‍കുട്ടികള്‍ക്ക് സ്വപ്നസ്ഖലനങ്ങളും ഇരുകൂട്ടര്‍ക്കും സ്വയംഭോഗശേഷിയും കൈവരുന്നു. ഇതൊക്കെ പലരിലുംഅഭിമാനബോധവും ചിലരില്‍, പ്രത്യേകിച്ച് ലൈംഗികവിദ്യാഭ്യാസമൊന്നും കിട്ടിയിട്ടില്ലാത്തവരില്‍, ലജ്ജയും പേടിയും ആത്മനിന്ദയുമൊക്കെയും ഉളവാക്കുന്നു. ഈ പ്രായക്കാര്‍ക്ക് കാര്യങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ, ശരിയായ തീരുമാനങ്ങളെടുക്കാനോ, ചെയ്തികളുടെ പരിണിതഫലങ്ങള്‍ കണക്കിലെടുക്കാനോ, മാധ്യമങ്ങളുടെ ദുസ്സ്വാധീനത്തെ മറികടക്കാനോ ഒക്കെയുള്ള കഴിവുകളള്‍ കുറവായിരിക്കും. ഈ പ്രായത്തിലുള്ളവര്‍ സന്ദര്‍ഭവശാല്‍ സ്വലിംഗത്തില്‍പ്പെട്ടവരുമായി വേഴ്ചയിലേര്‍പ്പെട്ടാല്‍ അത് പിന്നീട് അവര്‍ സ്വവര്‍ഗാനുരാഗികളായിത്തീരും എന്നതിന്‍റെ സൂചനയല്ല.
മദ്ധ്യകൌമാരം
(പെണ്‍കുട്ടികളില്‍13 തൊട്ട് 16 വരെ വയസും ആണ്‍കുട്ടികളില്‍ 14 തൊട്ട് 17 വരെ വയസുമാണ് മദ്ധ്യ കൌമാരം. ശരീരപ്രകൃതിയെപ്പറ്റിഅമിതമായ വ്യാകുലതകളും, ശാരീരികവും ലൈംഗികവുമായ ആകര്‍ഷണീയത കൂട്ടാനുള്ള ശ്രമങ്ങളും ഈ പ്രായത്തില്‍ ദൃശ്യമാവാം. പ്രേമബന്ധങ്ങളും ലൈംഗിക ചുവടുവെപ്പുകളും പരീക്ഷിക്കാം. ബന്ധങ്ങളില്‍ താന്‍പ്രമാണിത്വം കാണിക്കാം. ലൈംഗികമായ എടുത്തുചാട്ടങ്ങള്‍ കൊണ്ടൊന്നും ഒരു പ്രശ്നവുമുണ്ടാകില്ല എന്ന മൂഢധൈര്യം വെച്ചുപുലര്‍ത്താം. ഇതൊക്കെ ചിലപ്പോള്‍ മന:ക്ലേശത്തിനുവഴിവെക്കാം. പതിയെ സ്വശരീരത്തോടും ലൈംഗികചോദനകളോടും ഇണക്കമാവാം.

കൌമാരാന്ത്യം
പെണ്‍കുട്ടികളില്‍ 16 തൊട്ട് 21 വരെവയസും, ആണ്‍കുട്ടികളില്‍ 17 തൊട്ട്21 വരെ വയസുമാണ് കൌമാരാന്ത്യം. താനുള്‍പ്പെടുന്ന ലിംഗത്തിന്‍റെ കര്‍ത്തവ്യങ്ങളെന്തൊക്കെയാണ്, തനിക്ക് ലൈംഗികതൃഷ്ണ തോന്നുന്നത് സ്വലിംഗത്തോടോ അതോ എതിര്‍ലിംഗത്തോടോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ നിശ്ചയം വരുന്നു. മറ്റുള്ളവരോടു കൂടുതല്‍ ആത്മാര്‍ത്ഥതയോടെ അടുക്കാനാവുന്നു. പ്രേമബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നു. ഒരുബന്ധത്തില്‍ തന്‍റെ സ്ഥാനമെന്താണ്, അതില്‍നിന്ന് താന്‍ എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ചൊക്കെ തിരിച്ചറിവു കൂടുന്നു. സുഹൃദ്സ്വാധീനങ്ങളില്‍ നിന്നു മോചനംനേടി സ്വവീക്ഷണങ്ങളുടെ ബലത്തില്‍ തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുന്നു. ചെയ്തികള്‍ക്ക് പ്രത്യാഘാതങ്ങളുണ്ടാവാമെന്ന അവബോധം ജനിക്കുന്നു. ജീവിതപങ്കാളി എത്തരത്തിലുള്ളയാളായിരിക്കണമെന്ന അഭിപ്രായങ്ങള്‍ രൂപപ്പെടുന്നു.

യൌവനം
21 വയസ്സു കഴിഞ്ഞ് യൌവനം ആരംഭിക്കുന്നു. ഏഴു ഘട്ടങ്ങളിലൂടെയാണ് ഈ പ്രായത്തിലുള്ളവര്‍ കടന്നുപോവാറുള്ളത്:

1.കൂടുതല്‍ ലൈംഗികപരീക്ഷണങ്ങള്‍ നടത്തുന്നു; സ്വന്തം ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി ധാരണ കൂടുന്നു.

2.ആഴമുള്ളതോ കുറഞ്ഞതോ ഒക്കെയായ പല ബന്ധങ്ങളിലും അകപ്പെടുകയും പുറത്തുവരികയും ചെയ്യുന്നു.

3. വിവാഹം ഒരു ദീര്‍ഘകാലബന്ധത്തിന് നാന്ദിയാവുന്നു.

4. കുട്ടികളെ ജനിപ്പിക്കാനുള്ള ആഗ്രഹം ലൈംഗികതക്ക് പുതിയ അര്‍ത്ഥങ്ങളും പങ്കാളിയോട് കൂടുതല്‍ പ്രതിജ്ഞാബദ്ധതയും കൈവരുത്തുന്നു.

5. കുട്ടികളുടെ സാന്നിദ്ധ്യം വേഴ്ചകള്‍ക്കുള്ള അവസരങ്ങളും സ്വകാര്യതയും കുറയ്ക്കുന്നു. കുട്ടികളുടെ വളര്‍ന്നുവരുന്ന ലൈംഗികതയെ കൈകാര്യംചെയ്യേണ്ടിവരുന്നു.

6. ചിലര്‍ക്ക് ദാമ്പത്യ അസ്വാരസ്യങ്ങളും അനുബന്ധ ലൈംഗികക്ലേശങ്ങളും ചിലപ്പോള്‍വിവാഹമോചനവും നേരിടേണ്ടിവരുന്നു.

7. പ്രായം വരുത്തുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളോടു സമരസപ്പെട്ട് ലൈംഗികതയെ സജീവവും സംതൃപ്തിദായകവുമായി നിലനിര്‍ത്തുന്നു.

puthujeevan-trust-new-banner

About Dr Shahul Ameen

Dr Shahul Ameen
ഡോ. ഷാഹുല്‍ അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും, മനശ്ശാസ്ത്രരംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും കരസ്ഥമാക്കി. മൂന്നുവര്‍ഷം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ സീനിയര്‍ റെസിഡന്റായും രണ്ടുവര്‍ഷം കട്ടപ്പന സെന്റ്ജോണ്‍സ് ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റായും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലും പുതുജീവന്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റാണ്. വിവിധ അന്താരാഷ്ട്ര സൈക്ക്യാട്രി ജേര്‍ണലുകളില്‍ പത്തിലധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്