Home / ഫീച്ചറുകള്‍ / വെട്ടിത്തിളങ്ങാം സുന്ദര വധുവായി
വെട്ടിത്തിളങ്ങാം സുന്ദര വധുവായി

വെട്ടിത്തിളങ്ങാം സുന്ദര വധുവായി

 ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ അവളുടെ വിവാഹം മാതാപിതാക്കളുടെ സ്വപ്നമാണ്. വേഷഭൂഷാദികളാല്‍ അലം‌കൃതയാക്കി മകളെ കതിര്‍മണ്ഡപത്തിലേക്കാനയിക്കുന്ന ദിവസമാണ് ആ സ്വപ്നം പൂവണിയുന്നത്. അപ്സരസ്സുകള്‍ പോലും അസൂയയോടെ നോക്കുംവിധം അതിസുന്ദരിയായി വധു വിവാഹവേദിയില്‍ തിളങ്ങണമെന്നാണ് ഉറ്റവരുടെ ആഗ്രഹം.  പണ്ട് സുഹൃത്തുക്കളും ചാര്‍ച്ചക്കാരും ചേര്‍ന്നാണ് വധുവിനെ ഒരുക്കിയിരുന്നതെങ്കില്‍ ഇന്ന് വധുവിനെ അണിയിച്ചൊരുക്കുന്നത് ബ്യൂട്ടീഷ്യന്റെ കടമയായി മാറിയിട്ടുണ്ട്. മേക്കപ്പില്‍ മാത്രമല്ല, വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്നതില്‍ വരെ ബ്യൂട്ടീഷ്യനു പ്രാമുഖ്യമുണ്ട്.

വിവാഹദിനത്തില്‍ സുന്ദരിയായിരിക്കണമെങ്കില്‍ മാസങ്ങള്‍ക്കുമുന്‍പേ തയ്യാറെടുപ്പുകള്‍ ആരംഭിക്കണം. ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ “പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര് ” എന്ന് ആരും ചോദിച്ചുപോകും.
സുന്ദരിയാകണമെന്നുള്ള ആഗ്രഹം സഫലീകരിക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. ഒന്നു മനസ്സുവെച്ചാല്‍ വിവാഹപ്പന്തലില്‍ സുന്ദരിയായി പ്രത്യക്ഷപ്പെടാന്‍ നിങ്ങള്‍ക്കും സാധിക്കും. വധുവിന്റെ നിറം, ആകൃതി, ശരീരഘടന എന്നിവ മനസ്സിലാക്കി വേണം മേക്കപ്പും വസ്ത്രങ്ങളും തിരഞ്ഞെടുക്കേണ്ടത്. മുഖത്തെ മേക്കപ്പ് ഒരു കറക്ടീവ് മേക്കപ്പ് ആണ്. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കുറവുകള്‍ പരിഹരിക്കുന്നതിനാണ് ഇതു ചെയ്യുന്നത്. കറക്ടീവ് ഷേഡ് എപ്പോഴും അപ്പ് ആയിരിക്കുവാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും ഡൌണ്‍ ആകുവാന്‍ പാടില്ല.

മേക്ക് അപ്പ് ചെയ്യുന്നതിനു മുന്‍പായി ചര്‍മ്മത്തിന്റെ പ്രത്യേകതകള്‍ ശ്രദ്ധിക്കണം. Oily Skin, Sensitive Skin, Dry Skin, Normal Skin എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള ചര്‍മ്മങ്ങള്‍ക്ക് അവയുടെ പ്രത്യേകതയനുസരിച്ചുവേണം ഫൌണ്ടേഷന്‍ സെലക്ട് ചെയ്യേണ്ടത്. കുറച്ച് പൌഡര്‍ എടുത്ത് അതില്‍ അല്പം എണ്ണ ഒഴിച്ചാല്‍ നിറം കറുത്തുവരുന്നത് കാണാം. എണ്ണമയമുള്ള ചര്‍മത്തില്‍ വെറുതേ പൌഡര്‍ പുരട്ടിയാലും സംഭവിക്കുന്നത് അതാണ്. അതുകൊണ്ട് ഓയിലി സ്കിന്‍ ഉള്ളവര്‍ ഓയില്‍ കണ്‍‌ട്രോള്‍ ജെല്‍ ഉപയോഗിച്ച ശേഷം മാത്രമേ മേക്ക് അപ്പ് ചെയ്യാവൂ. അല്ലാത്തപക്ഷം മേക്കപ്പിനു ശേഷം രണ്ടോ മൂന്നോ മണിക്കൂറുകള്‍ കഴിയുമ്പോള്‍ ചര്‍മം ഇരുണ്ടതായി അനുഭവപ്പെടും. വിവാഹത്തിന് ലോംഗ് ലാസ്റ്റിംഗ് ആയ മേക്കപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവര്‍ തങ്ങളുടെ ചര്‍മ്മത്തിന്റെ പ്രത്യേകത മനസ്സിലാക്കി അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.  

bride-1വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ കുറഞ്ഞത് മൂന്നുമാസം മുന്‍പെങ്കിലും തുടങ്ങണം. മുഖക്കുരുവുള്ള ചര്‍മ്മമാണെങ്കില്‍ ആറുമാസം മുന്‍പേ മുന്‍‌കരുതലുകള്‍ എടുക്കണം. പിംപിള്‍ ട്രീറ്റ്‌മെന്റ് ചെയ്ത് മുഖക്കുരുവും പാടുകളും മാറ്റി ചര്‍മം പെര്‍ഫെക്ട് ആക്കേണ്ടത് അത്യാവശ്യമാണ്. കൈകാലുകള്‍ വാക്സിംഗ്, ക്രീം മസ്സാജ്, പെഡിക്യൂര്‍ , മാനിക്യൂര്‍ എന്നിവയൊക്കെ ചെയ്ത് മനോഹരമാക്കണം. ബോഡി പോളിഷിംഗും , ബോഡി സ്പായും വേണമെങ്കില്‍ ചെയ്യാവുന്നതാണ്. ഹിന്ദു, മുസ്ലീം യുവതികള്‍ വിവാഹത്തിനു രണ്ടുദിവസം മുന്‍‌പേ കൈകാലുകളില്‍ മെഹന്ദി ഡിസൈന്‍ ചെയ്യാറുണ്ട്.

വിവാഹത്തിനു രണ്ടു ദിവസം മുന്‍പുള്ള തയ്യാറെടുപ്പുകളില്‍ ഗോള്‍ഡ് ഫേഷ്യല്‍ , ഡയമണ്ട് ഫേഷ്യല്‍ , വൈറ്റനിംഗ് ഫേഷ്യല്‍ , പേള്‍ ഗോള്‍ഡ് ഗ്ലോ ഫേഷ്യല്‍ എന്നിങ്ങനെ ആവശ്യമായ ഫേഷ്യലുകള്‍ നടത്തേണ്ടത് പരമപ്രധാനമാണ്. ലിംഫറ്റിക് ഡ്രയിനേജ് മസ്സാജ് (Lymphatic Drainage Massage)കൊടുത്തുവേണം ഫേഷ്യല്‍ ചെയ്യുവാന്‍. മുഖത്തെ പ്രസരിപ്പ് കൂട്ടുന്നതിന് ഈ മസ്സാജ് വളരെ നല്ലതാണ്.

വിവാഹ ആലോചന തുടങ്ങുമ്പോള്‍ തന്നെ ഹെല്‍ത്ത് ഡയറ്റ് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. ശരീരത്തിലെ  ടോക്സിന്‍സ് പുറം‌തള്ളുന്നതിന് ഇതു സഹായകമാകും. ആഹാരത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. മന:സംഘര്‍ഷം കുറച്ച് യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിയ്ക്കുക. വണ്ണം കൂടുതല്‍ ഉള്ള ശരീരമാണെങ്കില്‍ കൃത്യമായ വ്യായാമത്തിലൂടെ ബോഡി ഷേപ്പ് വരുത്തുക.

വിവാഹ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ട്രെന്‍ഡിയായത് മാത്രം നോക്കാതെ നിങ്ങളുടെ നിറത്തിനും, ശരീരഘടനയ്ക്കും ചേരുന്നതാണോ എന്നു നോക്കുക. നിങ്ങളുടെ മുഖത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ രീതിയില്‍ ഹെയര്‍ ഡിസൈന്‍ ചെയ്യണം. ബ്യൂട്ടീഷ്യന്‍ നല്ലൊരു ഹെയര്‍ സ്റ്റൈലിസ്റ്റ് കൂടിയായിരിക്കണം. ഉചിതമായ ബ്രൈഡല്‍ ഹെയര്‍ സ്റ്റൈലിംഗിന് വധുവിന്റെ സൌന്ദര്യത്തിന്റെ മാറ്റ് ഇരട്ടിയാക്കാന്‍ സാധിക്കും.

വിവാഹ വസ്ത്രം ചുളിവുകള്‍ കൂടാതെ നല്ല രീതിയില്‍ അണിയുവാന്‍ ശ്രദ്ധിക്കണം. ബ്രാന്‍ഡഡ് കോസ്മെറ്റിക്സ് മാത്രം ഉപയോഗിക്കുക. സെന്‍സിറ്റീവ് സ്കിന്‍ ആണെങ്കില്‍ മേക്കപ്പിനു മുന്‍‌പേ ആന്റി അലര്‍ജിക് ജെല്‍ ഉപയോഗിക്കാന്‍ മറക്കരുത്. മേക്കപ്പ് ചെയ്തുതീര്‍ന്ന ശേഷം ഫിനിഷിംഗ് മേക്കപ്പ് സ്പ്രേ കൂടി ഉപയോഗിച്ചാല്‍ മേക്കപ്പ് ലോംഗ് ലാസ്റ്റിംഗ് ആയിരിക്കും. ചിലവു കുറയ്ക്കുന്നതിനായി ഇക്കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ച്ച ചെയ്താല്‍ വെളുക്കാന്‍ തേച്ചതു പാണ്ടായി മാറിയ അനുഭവമായിരിക്കും ഉണ്ടാവുക.

About Reema

Reema
ഡോ. റീമ പത്മകുമാര്‍ , കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള റീമ തിരുവനന്തപുരം റീംസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്. കോസ്മറ്റിക് രംഗത്തെ ആധികാരിക വ്യക്തിത്വങ്ങളില്‍ ഒരാളായ റീമ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുവരുന്നു. പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്കുവേണ്ടി ബ്യൂട്ടി സെമിനാറുകള്‍ കണ്ടക്ട് ചെയ്യുന്ന ഡോ. റീമ വിവിധ വനിതാ മാസികകളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്. കൌമുദി ചാനലില്‍ ‘ലേഡീസ് അവര്‍’ എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റീമയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്.
Letha says:

Very informative article

Shilpa Thomas says:

Excellent article. Very useful information.