Home / ഫീച്ചറുകള്‍ / വേനല്‍ക്കാല കേശസംരക്ഷണം
വേനല്‍ക്കാല കേശസംരക്ഷണം

വേനല്‍ക്കാല കേശസംരക്ഷണം

വേനല്‍ക്കാലത്ത് തലമുടിയുടെ സംരക്ഷണം വളരെ ശ്രദ്ധിക്കണം. കൂടുതലായി മുടി പൊഴിയുന്നതും അതനുസരിച്ചു മുടി വളരുന്നതും വേനല്‍ക്കാലത്താണ്. അതിനാല്‍ ഈ സമയത്ത് നല്ല പരിചരണം കൊടുത്താല്‍ മുടി കൊഴിയുന്നതിന്റെ അളവ് കുറച്ച് വളരുന്നതിന്റെ അളവ് ത്വരിതപ്പെടുത്താന്‍ സാധിക്കും. ഒരു മുടിയുടെ ആയുസ്സ് ഏതാണ്ട് മൂന്നു വര്‍ഷമാണ്. അത് മാസത്തില്‍ ശരാശരി ഒരിഞ്ച് വളരുന്നുവെന്നാണ് കണക്ക്. എന്നാല്‍ വേനല്‍ക്കാലത്ത് കുറച്ചുകൂടി വേഗത്തിലാണ് മുടി വളരുന്നത്. വേനല്‍ക്കാലത്ത് സൂര്യതാപം ഏല്‍ക്കുന്നത് തലമുടി വരണ്ടതാക്കുന്നു. സ്ഥിരമായി സൂര്യതാപം ഏല്‍ക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിനും ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. അതിനാല്‍ വെയിലത്ത് പുറത്തു പോകേണ്ടി വരുമ്പോള്‍ കുട ചൂടുകയോ, തൊപ്പിയോ സ്കാര്‍ഫോ ഉപയോഗിച്ച് തലമുടി മറയ്ക്കുകയോ ചെയ്യണം.

വേനല്‍ക്കാലത്ത് തലമുടി എങ്ങനെ സംരക്ഷിക്കണം എന്നു നോക്കാം. തലമുടി ആഴ്ചയില്‍ ഒരിക്കല്‍ ഹെര്‍ബല്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകണം. വേനല്‍ക്കാലത്ത് തലയില്‍ അടിഞ്ഞു കൂടുന്ന പൊടിപടലങ്ങള്‍ അകറ്റുന്നതിന് ഇതു സഹായിക്കും. സാധാരണ ഷാമ്പൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പി.എച്ച് അളവ് 4.5നും 5.5നും ഇടയിലുള്ളത് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഡിറ്റര്‍ജന്റ് അടങ്ങിയ കാഠിന്യമേറിയ ഷാമ്പൂ പതിവായി ഉപയോഗിക്കരുത്. ഉപയോഗിക്കുന്ന ഷാമ്പൂ ഏതായാലും നന്നായി കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. ഡ്രൈ ഹെയര്‍ ആണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മുടി ഓയില്‍ മസ്സാജ് ചെയ്ത് കഴുകാന്‍ ശ്രദ്ധിക്കണം. ക്ലോറിന്‍ അടങ്ങിയ വെള്ളം ഉപയോഗിച്ച് തല കഴുകാന്‍ പാടില്ല. പൈപ്പ് വെള്ളം ആണെങ്കില്‍ ഒരു ബക്കറ്റില്‍ ജലം ശേഖരിച്ചുവെച്ച് കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞതിനു ശേഷമേ തലമുടി കഴുകാന്‍ ഉപയോഗിക്കാവൂ.

തല കഴുകിയ ശേഷം കട്ടിയുള്ള ടവ്വല്‍ കൊണ്ട് വെള്ളം ഒപ്പിക്കളയണം. തോര്‍ത്തുകൊണ്ട് തിരുമ്മി തുടയ്ക്കരുത്.

നനഞ്ഞ മുടി ചീപ്പുപയോഗിച്ച് ചീകാന്‍ പാടില്ല. അത്യാവശ്യം ചീകണമെന്നുണ്ടെങ്കില്‍ വൈഡ് റ്റൂത്ത് കോമ്പ് മാത്രം ഉപയോഗിക്കുക.

മാസത്തിലൊരിക്കല്‍ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ചെയ്യുക. തലയിലെ ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ച് മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് ആഴ്ചയിലൊരിക്കല്‍ സ്കാള്‍പ്പ് മസ്സാജ് ചെയ്യുക. ഇടയ്ക്കിടെ തലമുടി ചീര്‍പ്പുപയോഗിച്ച് ചീകുന്നതും നല്ലതാണ്.

വേനല്‍ക്കാലത്ത് തലമുടിയില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പും പൊടിയും ചെമ്പരുത്തി താളി ഉപയോഗിച്ചും കഴുകിക്കളയാവുന്നതാണ്. ഓയിലി ഹെയര്‍ ആണെങ്കില്‍ പയര്‍ പൊടിയോ കടലമാവോ ഉപയോഗിച്ച് കഴുകിക്കളയാം. തേയില വെള്ളം മുടിയ്ക്ക് നല്ലയൊരു കണ

ടീഷണര്‍ ആണ്. മുട്ടയുടെ വെള്ള തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുന്നതും നല്ലതാണ്.

ഹെയര്‍ കണ്ടീഷണര്‍ മൂന്നു ദിവസത്തിലൊരിക്കല്‍ മുടിയില്‍ മാത്രം പുരട്ടി കഴുകുക. കണ്ടീഷണര്‍ തലയോട്ടിയില്‍ പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉലുവ കുതിര്‍ത്ത് അരച്ച് തലയില്‍ തേക്കുന്നത് താരന്‍ അകറ്റാന്‍ സഹായിക്കുന്നതോടൊപ്പം തലമുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്.

പഴയ കഞ്ഞിവെള്ളം നേര്‍പ്പിച്ച് ധാരയായി ഒഴിച്ച് തല കഴുകുന്നത് വേനല്‍ക്കാലത്തെ മുടികൊഴിച്ചില്‍ കുറയ്ക്കും. നെല്ലിക്കയിട്ട് തിളപ്പിച്ച് ആറിയ വെള്ളംകൊണ്ട് തലകഴുകുന്നത് മുടിയുടെ വേരിന് ബലം കിട്ടാന്‍ നല്ലതാണ്.

തലമുടിയുടെ ആരോഗ്യം നാം കഴിക്കുന്ന ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇടതൂര്‍ന്ന മുടിക്ക് നല്ല പ്രോട്ടീന്‍ ആവശ്യമാണ്. പാല്‍, തൈര്, സോയാബീന്‍, മുട്ട, വെണ്ണ, മത്സ്യം എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് 60 ഗ്രാം, പുരുഷന്മാര്‍ക്ക് 90 ഗ്രാം, കുട്ടികള്‍ക്ക് 100 ഗ്രാം എന്നിങ്ങനെയാണ് ദിവസേന നമുക്ക് ആവശ്യമായ പ്രോട്ടീന്റെ അളവ്. വിറ്റമിന്‍ എ-യുടെ കുറവ് തലമുടി പരുപരുത്തതാക്കും. വിറ്റമിന്‍ ഇ, അയണ്‍, കോപ്പര്‍, അയഡിന്‍ എന്നിവയുടെ കുറവ് മുടികൊഴിച്ചില്‍, അകാലനര എന്നിവയ്ക്ക് കാരണമാകുന്നു.

ഹെയര്‍ സ്പ്രേ, ഹെയര്‍ സെറ്റിംഗ് ജെല്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ അനുസരിച്ച് മുടി ശ്രദ്ധയോടെ പരിചരിച്ചാല്‍ വേനല്‍ക്കാലത്ത് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല.

 

About Reema

Reema
ഡോ. റീമ പത്മകുമാര്‍ , കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള റീമ തിരുവനന്തപുരം റീംസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്. കോസ്മറ്റിക് രംഗത്തെ ആധികാരിക വ്യക്തിത്വങ്ങളില്‍ ഒരാളായ റീമ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുവരുന്നു. പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്കുവേണ്ടി ബ്യൂട്ടി സെമിനാറുകള്‍ കണ്ടക്ട് ചെയ്യുന്ന ഡോ. റീമ വിവിധ വനിതാ മാസികകളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്. കൌമുദി ചാനലില്‍ ‘ലേഡീസ് അവര്‍’ എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റീമയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്.