Home / സ്വകാര്യം / ശരിയായ അളവില്‍ ബ്രാ തിരഞ്ഞെടുക്കാം
ശരിയായ അളവില്‍ ബ്രാ തിരഞ്ഞെടുക്കാം

ശരിയായ അളവില്‍ ബ്രാ തിരഞ്ഞെടുക്കാം

ശരീരത്തില്‍ ഉരഞ്ഞ് വേദനിക്കുന്നു, പാടുകള്‍ ഉണ്ടാക്കുന്നു, സ്ട്രാപ് തോളില്‍നിന്ന് തെന്നി നീങ്ങുന്നു എന്നിങ്ങനെ ധരിക്കുന്ന ബ്രായുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒട്ടേറെ പരാതികള്‍ ഉണ്ട്. ശരിയായ അളവിലുള്ള  ബ്രായല്ല ധരിക്കുന്നത് എന്നാണ് ഇത്തരം ബുദ്ധിമുട്ടുകളുടെ അര്‍ത്ഥം. സ്തനങ്ങളുടെ രൂപഭംഗിക്കും ആരോഗ്യത്തിനും ബ്രാ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. എന്നാല്‍ യഥാര്‍ത്ഥ ഭംഗിയും ആരോഗ്യവും ലഭിക്കണമെങ്കില്‍ കൃത്യമായ അളവിലും വലുപ്പത്തിലുമുള്ള ബ്രാ ധരിക്കണം. അധികം മുറുകിയതോ അയഞ്ഞതോ ആയ ബ്രാ ധരിക്കാന്‍ പാടില്ല. സ്തനവലുപ്പും മാറുന്നതനുസരിച്ച് ( ഉദാ: ഗര്‍ഭിണി ആയിരിക്കുന്ന സമയം മുലയൂട്ടുന്ന സമയം) ബ്രായുടെ സൈസ് മാറ്റുവാന്‍ ശ്രദ്ധിക്കണം.

പല സ്ത്രീകള്‍ക്കും സ്വന്തം ബ്രായുടെ സൈസ് കൃത്യമായി അറിയില്ല എന്നത് ഒരു വസ്തുതയാണ്. ശരീരത്തിനു പാകമല്ലാത്ത ബ്രാ ആദ്യം പറഞ്ഞ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ബ്രായുടെ അളവും കപ്പ്‌ സൈസും സ്വയം എങ്ങനെ കണ്ടു പിടിക്കാമെന്നു നോക്കാം.

തയ്യല്‍ക്കാര്‍ ഉപയോഗിക്കുന്നതരത്തിലുള്ള ഇഞ്ച്‌ അടയാളപ്പെടുത്തിയ ഒരു ടേപ്പ് മാത്രമേ ഇതിന് ആവശ്യമുള്ളൂ. സ്വയം അളവെടുക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ഒരു സ്ത്രീ സുഹൃത്തിന്റെ സഹായം തേടാവുന്നതാണ്. അളവെടുക്കുന്നതിനു മുന്നേ നിങ്ങള്‍ക്ക് ഏറ്റവും കംഫര്‍ട്ടായിട്ടുള്ള ബ്രാ ധരിക്കുക. സ്തനങ്ങള്‍ തൂങ്ങിക്കിടക്കാത്തവണ്ണം സ്ട്രാപ്പുകള്‍ ക്രമീകരിക്കുക. കൈകളുടെ തോള്‍ മുതല്‍ മുട്ടുവരെയുള്ള ഭാഗത്തിന്റെ   മധ്യഭാഗത്തായിരിക്കണം ബ്രാ കപ്പിനുള്ളില്‍ മുലക്കണ്ണുകളുടെ സ്ഥാനം. ഇനി സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്റെ ഭാഗത്തുനിന്ന് പുറകിലൂടെ ടേപ്പ് ചുറ്റി അളവ് എടുക്കുക. കൃത്യം റൌണ്ടില്‍ തന്നെ ടേപ്പ് ചുറ്റാന്‍ ശ്രദ്ധിക്കണം. ഈ അളവില്‍ ദശാംശം വരുന്നുണ്ടെങ്കില്‍ തൊട്ടടുത്ത പൂര്‍ണസംഖ്യ എടുക്കുക.

Bra-9-smallഉദാഹരണത്തിന് 28.4 ഇഞ്ച് ആണെങ്കില്‍ 28 ഇഞ്ച്‌ എടുക്കുക 28.6ഇഞ്ച്‌ എങ്കില്‍ 29 ഇഞ്ച്‌ എടുക്കുക. കിട്ടിയ അളവ് ഒറ്റ സംഖ്യയാണെങ്കില്‍ അതിന്റെ കൂടെ ഒരിഞ്ച് കൂട്ടുക. ഇരട്ട സംഖ്യ അളവില്‍ മാത്രമേ ബ്രാ ലഭിക്കൂ എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഉദാഹരണമായി സ്തനങ്ങളുടെ തൊട്ടു താഴെയുള്‍ള നെഞ്ചിന്റെ ഭാഗത്തിന്റെ ചുറ്റളവ് 29 ഇഞ്ച്‌ ആണെങ്കില്‍ ബ്രാ സൈസ് 29+1 = 30 ഇഞ്ച്‌. ഇനി കപ്പ്‌ സൈസ് എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം ഒരു സംഖ്യയുടെ കൂടെ ഇംഗ്ളീഷ് അക്ഷരവും ചേര്‍ത്താണ് ബ്രാ സൈസ് പറയുന്നത്. ഉദാഹരണത്തിന് 29A, 32B, 34C എന്നിങ്ങനെ. സംഖ്യ ബ്രായുടെ ബാന്‍ഡിന്റെ അളവിനെയും അക്ഷരം കപ്പിന്റെ സൈസിനേയും സൂചിപ്പിക്കുന്നു. പലപ്പോളും സ്ത്രീകള്‍  സംഖ്യ മാത്രം പറഞ്ഞു ബ്രാ വാങ്ങുകയാണ് ചെയ്യുക. കൃത്യമായ കപ്പ് സൈസ് അല്ലെങ്കില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.

കപ്പ്‌ സൈസ് എടുക്കുന്നതിനായി മുലക്കണ്ണിന്റെ മുകളില്‍ക്കൂടി സ്തനത്തിന്റെ ചുറ്റളവ് എടുക്കണം. ആദ്യം സൂചിപ്പിച്ചതുപോലെ കൈകളുടെ തോള്‍ മുതല്‍ മുട്ടുവരെയുള്ള ഭാഗത്തിന്റെ മധ്യഭാഗത്തായിരിക്കണം ധരിച്ചിരിക്കുന്ന ബ്രായുടെ കപ്പിനുള്ളില്‍ മുലക്കണ്ണുകളുടെ സ്ഥാനം. ഇനി ഈ അളവില്‍ നിന്ന് സ്തനത്തിനു തൊട്ടുതാഴെയുള്ള നെഞ്ചിന്റെ ചുറ്റളവ് കുറയ്ക്കുക. ഇതാണ് ബ്രായുടെ കപ്പ്‌ സൈസ് സംഖ്യ. ഈ വ്യത്യാസം ഒരിഞ്ചില്‍ താഴെയാണെങ്കില്‍ AA, ഒരിഞ്ചെങ്കില്‍ A, രണ്ടിഞ്ചെങ്കില്‍ B എന്നിങ്ങനെയാണ് കപ്പ് സൈസ് സൂചിപ്പിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിസ്റ്റ് ശ്രദ്ധിക്കുക. കപ്പ് സൈസിന്റെ അളവില്‍ അമേരിക്കന്‍ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡുകളാണ് ബ്രാ നിര്‍മാതാക്കള്‍ പിന്തുടരുന്നത്. ഈ ലിസ്റ്റില്‍ ആദ്യം അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ബ്രാക്കറ്റില്‍ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം ലിസ്റ്റില്‍നിന്നു വ്യക്തമാണല്ലോ. ഇന്‍ഡ്യയില്‍ ഭൂരിഭാഗം കമ്പനികളും ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ആണ് പിന്തുടരുന്നത്.

  • 1″ – A cup (A in UK sizing)
  • 2″ – B cup (B in UK sizing)
  • 3″ – C cup (C in UK sizing)
  • 4″ – D cup (D in UK sizing)
  • 5″ – DD or E cup (DD in UK sizing)
  • 6″ – DDD or F cup (E in UK sizing)
  • 7″ – DDDD or G cup (F in UK sizing)
  • 8″ – DDDDD or H cup (FF in UK sizing)
  • 9″ – DDDDDD or I cup (G in UK sizing)
  • 10″ – J cup (GG in UK sizing)
  • 11″ – K cup (H in UK sizing)
  • 12″ – L cup (HH in UK sizing)
  • 13″ – M cup (J in UK sizing)
  • 14″ – N cup (JJ in UK sizing)
  • 15″ – O cup (K in UK sizing)
  • 16″ – P cup (KK in UK sizing)

ഉദാഹരണത്തിന് മുലക്കണ്ണിനു മുകളില്‍ക്കൂടി സ്തനത്തിന്റെ ചുറ്റളവ് 32 ഇഞ്ചും സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്റെ ഭാഗത്തിന്റെ ചുറ്റളവ് 28 ഇഞ്ചും ആണെങ്കില്‍ ബ്രായുടെ കപ്പ്‌ സൈസ് 32-28 = 4 അതായത് D ആയിരിക്കും. ഇനി മുലക്കണ്ണിനു മുകളിലൂടെയുള്ള സ്തനത്തിന്റെ ചുറ്റളവ് 32 ഇഞ്ചും സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്റെ ഭാഗത്തിന്റെ ചുറ്റളവ് 29 ഇഞ്ചും ഉള്ള ഒരു സ്ത്രീ ധരിക്കേണ്ട ബ്രായുടെ സൈസ് എത്രയെന്നു നോക്കാം. ബ്രാ സൈസ് 29+1 = 30, കപ്പ് സൈസ് 32-30 = 2 അതായത് B. അപ്പോള്‍ ധരിക്കേണ്ട ബ്രായുടെ സൈസ് 30B.

bra_band_size_compare_30GG_28H_26HH ശരിയായ സൈസിലുള്ള ബ്രാ ധരിക്കേണ്ടത് ശാരീരികാസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനു മാത്രമല്ല സ്തനങ്ങളുടെ രൂപഭംഗിക്കും ആരോഗ്യത്തിനും അവശ്യം ആവശ്യമാണ്. മുകളില്‍ക്കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.