Home / വിനോദം / ഹൃദയങ്ങള്‍ കൊള്ളയടിക്കാന്‍ ഏഴു കള്ളന്മാര്‍

ഹൃദയങ്ങള്‍ കൊള്ളയടിക്കാന്‍ ഏഴു കള്ളന്മാര്‍

ഈ ഓണ നാളുകളില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ കൊള്ളയടിക്കപ്പെട്ടേക്കാം. കാരണം അവര്‍ ഏഴു കള്ളന്‍മാര്‍ വരുന്നു. വെറും കള്ളന്‍മാര്‍ അല്ല നന്‍മയും ഐശ്വര്യവും ഉള്ള ഏഴു കള്ളന്‍മാര്‍. നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘സപ്തമ ശ്രീ തസ്‌കര:’ ഈ ഓണത്തിനു തീയറ്ററുകളില്‍ എത്തുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. സംസ്‌കൃത പദമാണ് സപ്തമ ശ്രീ തസ്‌കര: മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. നര്‍മത്തില്‍ പൊതിഞ്ഞ് കഥപറയുന്ന ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.

മംഗോളിയന്‍ സര്‍ക്കസ് താരം ഫ്ലവര്‍ ബാറ്റ്‌സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്സ് വിജയനുമാണ്. 10 കോടി ചെലവിട്ട് സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്. ഈ ഓണനാളുകള്‍ ഐശ്വര്യം ഉള്ള കള്ളന്‍മാരുടെ ആഘോഷ നാളുകള്‍ ആകുമെന്നു കരുതാം.