വിരാടിന്റെ സ്വന്തം അനുഷ്കയോ അതോ അഭിഷേകിന്റെ സ്വന്തം ഐശ്വര്യയോ ആരായിരുന്നു 2017 ന്റെ താരമെന്ന ചോദ്യത്തിന് ഉത്തരം തിരയുകയാണിപ്പോള്‍ ആരാധകര്‍. കഴിഞ്ഞു പോയ വര്‍ഷം അനുഷകയ്ക്ക് പ്രണയസാഫല്യത്തിന്റെ വര്‍ഷമായിരുന്നു. ഏറെ നാളത്തെ ഗോസിപ്പിന് വിരാമിട്ടുകൊണ്ട് വിരാട്കോഹ്ലി അനുഷകയെ ജീവിതസഖിയാക്കിയപ്പോള്‍ ബോളിവുഡ് സിനിമാ പ്രേമികളും ക്രിക്കറ്റ് ആരാധകരും ആ വിവാഹം ആഘോഷമാക്കി. വിവാഹനിശ്ചയവും വിവാഹ സത്കാരവുമെല്ലാം അവര്‍ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിലൂടെ കണ്‍നിറയെ കണ്ടു.
വിവാഹസത്കാരവേദിയില് ദമ്പതികളേക്കാള്‍ തിളങ്ങിയത് മുന്ലോകസുന്ദരിയായ ഐശ്വര്യറായിയായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു. പേള്വര്ക്ക് ചെയ്ത വെള്ളലെഹങ്കയില് ചടങ്ങിനെത്തിയ ഐശ്വര്യയെ ഉദിച്ചു നില്ക്കുന്ന പൂര്ണ്ണചന്ദ്രനായും പാര്‍ട്ടിയിലെ ദീപാവലിയായുമൊക്കെ ആരാധകര്‍ പുകഴ്ത്തി. വിവാഹത്തിനും വിവാഹസല്ക്കാരത്തിനുമെല്ലാം ആതിഥേയ അണിഞ്ഞത് സബ്യസാചി മുഖര്‍ജി രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളായിരുന്നെങ്കില് അതിഥിയണിഞ്ഞത് മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളാണ്.
വിവാഹം ഇറ്റലിയില്‍ വെച്ചു രഹസ്യമായി നടത്തിയെങ്കിലും ദമ്പതികള്‍ വിവാഹചിത്രങ്ങള്‍ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടേയിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി മുംബൈയില്‍ ആഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്തായാലും 2017 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരങ്ങള്‍ ഐശ്വര്യയും അനുഷ്കയുമാണെന്ന കാര്യത്തില്‍ മാത്രം ആര്‍ക്കും തര്‍ക്കമില്ല.