Home / പേരന്റിംഗ് / മക്കൾ നിങ്ങളുടെ ജോലിയെ വെറുക്കാതിരിക്കാൻ; അറിയണം ഈ കാര്യങ്ങൾ
മക്കൾ നിങ്ങളുടെ ജോലിയെ വെറുക്കാതിരിക്കാൻ; അറിയണം ഈ കാര്യങ്ങൾ

മക്കൾ നിങ്ങളുടെ ജോലിയെ വെറുക്കാതിരിക്കാൻ; അറിയണം ഈ കാര്യങ്ങൾ

ഇന്ന് പല സ്ത്രീകളും തങ്ങളുടെ ദിവസത്തിന്റെ കൂടുതല്‍ പങ്കും ജോലിയുമായി ബന്ധപ്പെട്ട് വീടിനു പുറത്താണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് മക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കാനോ അവരുടെ കാര്യങ്ങളില്‍ ഇടപെടാനോ കഴിയാറില്ല. ഇതിന്റെ പേരില്‍ ചില സ്ത്രീകളെങ്കിലും കുറ്റബോധം അനുഭവിക്കുന്നുമുണ്ട്. മക്കളെ വേണ്ടവിധത്തില്‍ താന്‍ പരിഗണിക്കുന്നില്ലല്ലോ, മക്കള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുകയാണോ എന്ന ചിന്തയുണ്ടോ എന്നെല്ലാം ഓര്‍ത്ത് ടെന്‍ഷനടിക്കുന്ന ചില സ്ത്രീകളെങ്കിലുമുണ്ട്.

സത്യത്തില്‍ സ്ത്രീയുടെ പ്രഫഷനല്‍ ലൈഫും ഗാര്‍ഹിക ജീവിതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുകയോ സങ്കീര്‍ണ്ണമാക്കുകയോ ചെയ്യേണ്ടതില്ല. അനുപൂരകമായിത്തീരേണ്ടവയാണ് ഇവ .  രണ്ടിനും അതിന്റേതായ വിലയും മൂല്യവുമുണ്ട്. സ്വന്തം കുടുംബത്തിന്റെ മൂല്യം തിരിച്ചറിയുന്ന ഒരു സ്ത്രീക്ക് തന്റെ പ്രഫഷനല്‍ ലൈഫ് വഴി കുടുംബത്തിന് വലിയ സംഭാവനകള്‍ നേടിക്കൊടുക്കാന്‍ കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം.

വീട്ടിലെ ജോലിയെ സ്‌നേഹിക്കുക, ഓഫീസിലെയും

ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളയില്‍ ശാപവാക്കുകള്‍ പറഞ്ഞുകൊണ്ടാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ തെറ്റായ മാതൃകയാണ് മക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ചെയ്യുന്നതെന്തും സ്‌നേഹത്തോടെയായിരിക്കുക. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന വിധത്തിലായിരിക്കുക. ജോലിയുടെ മാന്യത  കുട്ടികള്‍ക്ക് ബോധ്യമാകത്തക്കവിധത്തില്‍ പെരുമാറുക. അപ്പോഴാണ് നിങ്ങള്‍ ഒരേ സമയം നല്ല വീട്ടമ്മയും നല്ല ഉദ്യോഗസ്ഥയുമാകുന്നത്.

നമ്മുടെ ജോലി എന്താണ് എന്നതിനപ്പുറം നാം അത് എന്ത് മനോഭാവത്തോടെ ചെയ്യുന്നു എന്നതാണ് കുട്ടികള്‍ക്ക് മുമ്പില്‍ നമ്മെ ബഹുമാന്യരാക്കുന്നത്. ജോലിയോടുള്ള മനോഭാവം നാം എന്താണ് എന്ന് വ്യക്തമാക്കുന്നവയാണ്. വീട്ടമ്മയായി എന്നതിന്റെ പേരില്‍ നിങ്ങള്‍ പ്രഫഷനല്‍ ലൈഫ് വേണ്ടെന്ന് വയ്ക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക, അവയ്ക്ക് മുന്‍ഗണനാക്രമം കൊടുക്കുക

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ പ്ലാനിങ് ഇല്ലാത്തതാണ് ജീവിതത്തില്‍ പല സ്ത്രീകള്‍ക്കും  സമയം തികയാത്തതിനും ജോലി തീരാത്തതിനും കാരണം. ജീവിതത്തിന് എപ്പോഴും മുന്‍ഗണനാക്രമങ്ങള്‍ അത്യാവശ്യമാണ്. ഏതാണ് ആദ്യം ചെയ്തുതീര്‍ക്കേണ്ടത്. ഇന്ന ദിവസം എന്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത് ഇവയെക്കുറിച്ച് കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കുക. ഏറ്റവും പ്രധാനപ്പെട്ടതിനെ അവഗണിക്കാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ആധുനികകാലത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ആരോഗ്യപരമായ സന്തുലനാവസ്ഥ നിലനിര്‍ത്താനും മൂല്യങ്ങളില്‍ അടിയുറച്ച് നിൽക്കാനുമുള്ള പ്രേരണകള്‍ മക്കള്‍ക്ക് നല്കുക.

വീട്ടില്‍ ഒരു ടീം ഉണ്ടാക്കുക

ജോലി കഴിഞ്ഞ് വീട്ടിലെത്തി ക്ഷീണിച്ച് അവശയായി അടുക്കളയിലേക്ക് കയറുമ്പോള്‍ ഉണ്ടാകാവുന്ന ഈര്‍ഷ്യ ഒഴിവാക്കാനായി വീട്ടില്‍ മക്കളെയും ഭര്‍ത്താവിനെയും ഒക്കെ ചേര്‍ത്ത് ഒരു അടുക്കളടീം ഉണ്ടാക്കുക. ഓരോരുത്തരും അവരവര്‍ക്ക് ആകാവുന്ന വിധത്തില്‍ അടുക്കള ജോലിയില്‍ സഹായിക്കാന്‍ പരിശീലനം നല്കുക. ഒരാള്‍ മാത്രം ചെയ്തുതീര്‍ക്കേണ്ടവയല്ല കുടുംബത്തിലെ കാര്യങ്ങള്‍ എന്നും എല്ലാവര്‍ക്കും കുടുംബത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമുള്ള ചിന്തയായിരിക്കും ഇതിലൂടെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നത്.

സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തുകടക്കാനും പരസ്പരം സഹായിക്കാനും ഇത് മക്കള്‍ക്ക് പ്രേരണയാകും.  തങ്ങള്‍ പഠിക്കാന്‍ പോയി, അച്ഛനും അമ്മയും ജോലിക്ക് പോയി വൈകുന്നേരം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് വീട്ടില്‍ വന്ന്, വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുന്നു എന്നിങ്ങനെ  ചിന്തിക്കുമ്പോള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ബോധ്യം അവരില്‍ രൂപപ്പെടും.

ഒരുമിച്ചുള്ള വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തുക

വിനോദത്തിന് സമയം കണ്ടെത്താന്‍ കഴിയുന്നത് ആരോഗ്യപരമായ കുടുംബജീവിതം ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ദിവസം മുഴുവന്‍ ജോലി ചെയ്യുന്നവരായി  നമ്മെ കാണാന്‍ നമ്മുടെ മക്കള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും തയ്യാറാവുക.

മൊബൈലും ടിവിയും കമ്പ്യൂട്ടറും മാറ്റിവച്ച് അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍, സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാന്‍ സമയം കണ്ടെത്തുക. അല്ലെങ്കില്‍ അവരുമായി കളികളില്‍ ഏര്‍പ്പെടുക. ഓഫീസ് ജോലിയും വീട്ടുജോലിയും കഴിഞ്ഞ് നടുനിവര്‍ത്തിയാല്‍ മതി എന്ന് കിടക്കയിലേക്കോടുമ്പോള്‍ സ്വഭാവികമായും നിങ്ങളുടെ മക്കള്‍ നിങ്ങളുടെ ജോലിയെ ചിലപ്പോള്‍ വെറുത്തേക്കും. നിങ്ങളെയും. അതുണ്ടാവരുത്.

About Web Desk