Home / ഫീച്ചറുകള്‍ / നിങ്ങളാരുടെ സെക്കന്റ് ഓപ്‌ഷനാണ്?
നിങ്ങളാരുടെ സെക്കന്റ് ഓപ്‌ഷനാണ്?

നിങ്ങളാരുടെ സെക്കന്റ് ഓപ്‌ഷനാണ്?

“നീയാരുടെയും സെക്കൻഡ് ഓപ്‌ഷൻ ആവരുത്…”, ഹൃദയത്തിൽ മുറിവേറ്റു ഒറ്റയ്ക്ക് കിടന്നു കരയുമ്പോൾ കണ്ണീരിനാൽ കുതിർന്ന അവളുടെ തലയിണ പോലും ആ വാചകം പറയുന്നുണ്ടായിരുന്നു. പക്ഷേ കേൾക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിപ്പെടും മുൻപ് തന്നെ മുന്നിൽ ഫാനിന്റെ തൂക്ക്, അതിന്റെ മുകളിലേയ്ക്ക് പിടഞ്ഞു കയറുന്ന സാരിത്തുമ്പ്.

ഒരു നേരത്തെ വിളി വന്നത് എത്ര സ്നേഹിച്ചിട്ടും മതിവരാത്ത മകളിൽ നിന്നും. എന്തുകൊണ്ട് അവളെ ഒരു മാത്ര മറന്നു പോയി. എത്രമാത്രം സ്വാർത്ഥമതിയായ ഒരു സ്ത്രീ മാത്രമായി ചുരുങ്ങിപ്പോയി? അവളോർത്തു. പ്രണയത്തിന്റെ മാസ്മരിക ലോകത്തിൽ നിന്നും പടിയിറങ്ങി പോരുമ്പോൾ തിരിഞ്ഞു നോക്കാനുള്ള ഓപ്‌ഷൻ പോലും അടച്ചു വായിക്കപ്പെട്ടയിടത്തു എങ്ങനെ സ്വാർത്ഥ ആവാതെ പോകും? ജീവിച്ചിരിക്കുന്നത് അവനവനു തന്നെ ഭാരമായി മാറുമ്പോൾ എങ്ങനെ പിന്നെ ജീവിച്ചിരിക്കാൻ തോന്നും. പക്ഷേ ഓർക്കേണ്ടത് മകളെയായിരുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിവാഹവും സ്വപ്നങ്ങളും മടുപ്പും പ്രണയവുമൊന്നും ഇന്ന് ആർക്കും ഒരു പുതുമയുള്ള വാർത്തയല്ല. അത്രയ്ക്കൊന്നും മടുപ്പിൽ, അവഗണനയിൽ, നഷ്ടപ്പെടുന്ന സ്വപ്നങ്ങളിൽ കിടന്നു ജീവിതം കഷ്ടപ്പെട്ട് ജീവിച്ചു തീർക്കേണ്ടതില്ലെന്നു പെൺകുട്ടികൾ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരുടെ തീരുമാനങ്ങളൊക്കെ വേഗത്തിലായിരിക്കും. താങ്ങാൻ പറ്റാത്ത ബന്ധങ്ങളെ പടിക്കു പുറത്തു നിർത്തി പ്രണയിക്കുന്ന ആളുടെ ഒപ്പം ജീവിതം ജീവിച്ചു തീർക്കാൻ സാധ്യതകൾ അനവധിയാണ്.

മറ്റൊരുവൾക്ക് ജീവിതം ഒട്ടുമേ മടുത്തിരുന്നില്ല. രണ്ടു കുഞ്ഞുങ്ങളുടെ സ്നേഹത്തിനും പരിലാളനകൾക്കുമിടയിൽ അയാളെ എപ്പോഴെങ്കിലും അവഗണിച്ചുവോ? അവൾക്കോർമ്മകളില്ല. പക്ഷേ ജീവിതം വഴിമാറിയൊഴുകിയതു അയാൾ ഏറ്റവും അടുത്ത സുഹൃത്തായ പെൺകുട്ടിയെ പ്രണയിച്ചു തുടങ്ങിയ ശേഷമായിരുന്നു. ലോകം മുഴുവൻ അറിഞ്ഞ സത്യം ഏറെ വൈകിയറിയുമ്പോൾ അവൾ കുടുംബത്തിന്റെ താളഭംഗങ്ങളിൽ നൊന്തു. ചിലപ്പോഴൊക്കെ ഉറക്കെ കരഞ്ഞു കലഹം പ്രഖ്യാപിച്ചു. പക്ഷേ ഒടുവിൽ അയാൾ പ്രണയിനിയ്ക്കൊപ്പം താമസമാരംഭിക്കുമ്പോൾ എന്താണ് ഞാൻ ചെയ്ത തെറ്റെന്നു അവൾ ഉറക്കെ ചോദിക്കുന്നു. മറ്റൊരു ജീവിതം ഇനി എനിക്ക് വയ്യെന്ന് ഉറക്കെ പറഞ്ഞു കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വയം അതിജീവനത്തിന്റെ വഴികൾ അന്വേഷിക്കുന്നു.

കഥകൾ അങ്ങനെ പല തരത്തിലും പല വിധത്തിലുമുണ്ട്. പക്ഷേ കുറച്ചൊക്കെ ജീവിച്ചു മടുത്ത ജീവിതം ഇട്ടിട്ടു പോകുന്നതിലും ഹൃദയം തകർക്കും പ്രണയത്തിന്റെ വേർപിരിയൽ. ഒരാളുടെ രണ്ടാം ഓപ്‌ഷൻ ആവുക എന്നതിന്റെ അനിവാര്യമായ ഒരു ആഫ്റ്റർ എഫക്റ്റ് കൂടിയാണത്.  ഇത്രയും നാൾ മനസ്സിലാക്കിയിരുന്നു ജീവിതമൊന്നും ഒന്നുമായിരുന്നില്ല എന്ന് വളരെ കുറച്ചു നാളത്തെ പ്രണയത്തിനു സ്ഥാപിച്ചെടുക്കാൻ എളുപ്പമാണ്.

ആവർത്തിച്ചു മടുത്ത സ്പർശങ്ങൾ ഒട്ടും വൈകാരികത അനുഭവിക്കപ്പെടാത്തപ്പോൾ പ്രിയപ്പെട്ട ഒരാളുടെ ഒരു ചെറു വിരൽ സ്പർശം പോലും ആനന്ദത്തിന്റെ പുതിയ ലോകങ്ങളിലേയ്ക്ക് കൊണ്ട് പോകും. ഏതൊരു ബന്ധത്തിലും പുതുമയുടെ സ്പർശം അത്രമേൽ ആനന്ദകരമായിരിക്കുന്നതു പോലെ മറ്റൊന്നില്ല. പക്ഷേ ഈ പുതുമ എപ്പോൾ അവസാനിക്കുമെന്നോ എപ്പോൾ മടുപ്പിക്കുമെന്നോ പറയാനാകില്ല. പക്ഷേ ഒന്നുറപ്പ് അവയും മടുപ്പിക്കും. ആവർത്തിച്ചു പഴകുമ്പോൾ എന്തും വേണ്ടെന്നു വയ്ക്കാൻ മനസ്സ് പറയുന്നത് പോലെ ഒരിക്കൽ പ്രിയമായിരുന്ന സ്പർശങ്ങളോടും അവ പറയും നിന്നെ എനിക്ക് മടുത്തു നമുക്ക് പിരിയാം.

“അപ്പോൾ നീയിനി എവിടേയ്ക്ക് പോകും…”

 

-അവൾ ഇപ്പോഴും എനിക്ക് വേണ്ടി കാത്തിരിപ്പുണ്ടാകും….

ഉപേക്ഷിച്ചു പോന്നവളുടെ ശ്രദ്ധക്കൂടുതലിലേയ്ക്കും കാരുണ്യത്തിലേയ്ക്കും പതുക്കെ നോക്കി അയാൾ പ്രണയിനിയെ വിട്ടു മെല്ലെ കൂടു പൊളിച്ചു പറന്നു പോകും. അവൾ വീണ്ടും വെറും രണ്ടാം ഓപ്‌ഷൻ മാത്രമായി അവശേഷിക്കും.

മടുപ്പ് എന്ന പ്രതിഭാസം പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരു വൈകാരിക പ്രശ്നമാണ്. ആവർത്തിച്ചു പഴകുമ്പോൾ ഒരേ രീതിയിൽ മുന്നോട്ടു പോകുമ്പോൾ ഗുരുതരമായ നിലയിൽ വന്നു കൂടുന്ന ഒരു മാനസിക പ്രശ്നം. പക്ഷേ മടുപ്പിനെ അതിജീവിക്കാനുള്ള ഏക മാർഗ്ഗം സ്വയം മനുഷ്യൻ പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുക എന്നത് മാത്രമാണ്. പ്രണയം ആശാസ്യകരമായ ഒരു പുതുതാക്കപ്പെടൽ തന്നെയാണ്,

പക്ഷേ അനേകം ഓപ്‌ഷനുകളിൽ ഒന്നായല്ല അത് ഉണ്ടായിരിക്കേണ്ടതും. പ്രണയത്തിൽ പോലും സൗഹൃദപരവും പരസ്പരം ബന്ധങ്ങളെ മുറിവേൽപ്പിക്കാതെയുള്ള ഊർജ്ജ സംവേദന തത്വങ്ങളും പരസ്പര ബഹുമാനവും ഉണ്ടായിരിക്കേണ്ടതുണ്ട്. ഇപ്പോഴും പരമാവധി പറ്റുമ്പോഴൊക്കെ ജീവിതവും സ്വയവും നവീകരിക്കുക എന്ന രീതി മികച്ചതാണ്. അവനവനെ നവീകരിക്കാൻ ആയിരം മാർഗ്ഗങ്ങളുണ്ട്, നിത്യവും പാലിച്ചു കൊണ്ടുപോരുന്ന ഒരു ശീലം മാറ്റി വച്ചാൽ മതി. ആ ശീലം വീട്ടിൽ കിടപ്പു മുറിയിലാണെങ്കിൽ അത് പ്രണയത്തിലും പുതുമയുണ്ടാക്കുന്നു.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിലാണ് ഒരു സമൂഹം ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അഴിഞ്ഞുലഞ്ഞ ഒരു കൂട്ടം അസഹനീയമായ അരാജകത്വം കൊണ്ട് വരുന്നതിനെ എതിർക്കാനാണ് കൂടുതൽ പേരും ശ്രമിക്കുന്നതും. സ്വാതന്ത്ര്യം പരസ്പരം നൽകുക എന്നത് ഇന്നത്തെ കാലത്തു ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുതന്നെ മടുപ്പിന്റെ തോത് ഒരു പരിധി വരെ കുറയ്ക്കും.

പങ്കാളികൾ പരസ്പരം ഓരോ വ്യക്തികളാക്കപ്പെട്ടു അവനവന്റെ ഇഷ്ടങ്ങളിലേയ്ക്ക് പറന്നു പോവുകയും കൊത്തിപ്പെറുക്കുകയും തിരികെ വരുകയും ചെയ്യട്ടെ. അവന്റെ സ്വപ്നങ്ങളിലേക്ക് ചിറകടിച്ചു ഉയർന്നു പരക്കട്ടെ. ആ വിട്ടു കൊടുക്കൽ പോലും മടുപ്പിന്റെ അകലം കുറയ്ക്കും. അടക്കി പിടിക്കുന്ന സ്നേഹം അപകടകരമാണെന്നും അവ നിങ്ങളെ ഒരു സെക്കൻഡ് ഓപ്‌ഷൻ ആക്കുമെന്നും തിരിച്ചറിയുക.

ജീവിതം ആരുടേയും രണ്ടാം ഓപ്‌ഷനായി ജീവിച്ചു തീർക്കാനുള്ളതല്ല, അവനവന്റെ തന്നെ ആദ്യ ഓപ്‌ഷനായി മാറുന്നതോടെ ആത്മവിശ്വാസവും അതിജീവിക്കാനുള്ള കരുത്തും നേടുന്നു. പിന്നെയവൾ അതിശക്തയാണ്. നീണ്ട കാലങ്ങളിലേയ്ക്കും സ്നേഹത്തിന്റെ ഫസ്റ്റ് ഓപ്‌ഷൻ ആയിരിക്കാൻ തക്ക ആർജ്ജവം നേടിയ പെണ്ണ് .

About Web Desk