Home / സ്ത്രീലോകം / ആ 18 കിലോ കരീന കുറച്ചത് എങ്ങനെ?
ആ 18 കിലോ കരീന കുറച്ചത് എങ്ങനെ?

ആ 18 കിലോ കരീന കുറച്ചത് എങ്ങനെ?

സീറോ സൈസ് ഫിഗറില്‍നിന്ന് ഗര്‍ഭകാലത്തെ ഗുണ്ടുമണി ഫിഗറിലേക്ക് കരീന കപൂര്‍ ഒരു ചാട്ടമായിരുന്നു. 54 കിലോഗ്രാമില്‍നിന്ന് 72 കിലോയിലേക്ക്. ഇഷ്ട ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഗര്‍ഭകാലം ശരിക്കും ആസ്വദിക്കുകയായിരുന്നു കരീന. അങ്ങനെ 18 കിലോഗ്രാം തൂക്കമാണ് കരീനയ്ക്ക് അധികം വച്ചത്. കൊതി മൂത്ത് അന്നു കഴിച്ച പറാത്തയുടെയും നെയ്യുടെയും ബിരിയാണിയുടെയും ഗുണം!

ഇരട്ടത്താടിയും തുടുത്ത കവിളുകളുമായി ഗുണ്ടുമണിയായി കരീന. പക്ഷേ തൂക്കം വയ്ക്കുന്നത് ടെന്‍ഷനേ ആയിരുന്നില്ല കരീനയ്ക്ക്. കാരണം വച്ച തൂക്കം കുറയ്ക്കാന്‍ ഈ പഴയ സീറോ സൈസ് ഫിഗറുകാരിക്ക് നന്നായി അറിയാം.

 

ഡയറ്റീഷ്യന്‍: അധികം വച്ച 18 കിലോഗ്രാം ഒറ്റയടിക്കു കുറയ്ക്കാന്‍ പറ്റില്ലല്ലോ. സ്റ്റെഡിയായി ഹാപ്പിയായി ആ വെയ്റ്റ് കുറച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതില്‍ ഏറ്റവുമധികം സഹായിച്ചത് ഡയറ്റീഷ്യന്‍ രുജുത ദിവേകറും.

∙കാല്‍സ്യം: സ്ത്രീയുടെ ശരീരത്തില്‍ അഞ്ചു വര്‍ഷം കൊണ്ടു സംഭരിച്ചു വച്ചിരിക്കുന്ന കാല്‍സ്യമാണു ഗര്‍ഭകാലത്ത് നഷ്ടപ്പെടുന്നത്. ഈ കാല്‍സ്യം ലെവല്‍ കൃത്യമാക്കുകയാണ് കരീനയുടെ കാര്യത്തില്‍ ആദ്യം ചെയ്തത്. ദിവസവും രാത്രി ഒരു വലിയ ഗ്ലാസ്സ് നിറയെ പാല്‍ കുടിച്ചാണ് കാല്‍സ്യം ശരീരത്തില്‍ ഉറപ്പാക്കിയത്.

∙അയൺ, വൈറ്റമിന്‍ ബി12: പ്രസവശേഷം ശരീരത്തിലുണ്ടായ കറുത്ത കലകള്‍ നീക്കാന്‍ അയൺ, വൈറ്റമിന്‍ ബി12 എന്നിവ ഉറപ്പാക്കുകയാണു ചെയ്തത്. വെണ്ണ, എള്ള് എന്നിവ ദിവസവും കഴിച്ചു. തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു കഴിച്ചതും നെയ് പുരട്ടിയ ബജ്റ ചപ്പാത്തിയും അയണിന്റെ അളവ് ഉറപ്പാക്കി.

∙ചോറ്: വേഗത്തില്‍ വെയ്റ്റ് കുറയ്ക്കാന്‍ കരീനയെ മുന്‍പു സീറോ സൈസ് ഫിഗറിലെത്തിച്ച ടഷാന്‍ ഡയറ്റിലേക്കു തിരിച്ചു പോകാന്‍ കരീന ആഗ്രഹിച്ചെങ്കിലും ഡയറ്റീഷ്യന്‍ സമ്മതിച്ചില്ല. പകരം രണ്ടു നേരം ചോറുണ്ണണമെന്നു കരീനയോടു നിര്‍ദേശിക്കുകയും ചെയ്തു. ചോറുണ്ടാല്‍ വിശപ്പു മാറുമെന്നു മാത്രമല്ല, പ്രസവം വഴി ശരീരത്തില്‍നിന്നു നഷ്ടപ്പെട്ട ചില നല്ല ബാക്ടീരിയകളെ തിരിച്ചു കൊണ്ടുവരാനും കഴിയും. (നമ്മുടെ നാട്ടിലും പ്രസവശേഷം ചോറുണ്ണണം എന്നാണല്ലോ മുത്തശ്ശിമാര്‍ പറയുന്നത്).

∙നോ ക്രാഷ് ഡയറ്റ്: ഭക്ഷണം ഉപേക്ഷിച്ചുള്ള തടികുറയ്ക്കല്‍ നടത്തിയാല്‍ ശരീരത്തിനു വേണ്ട വൈറ്റമിനുകളും മിനറലും മറ്റും ലഭിക്കാതാകും. പ്രത്യേകിച്ച് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍. പോഷകങ്ങളുടെ അളവു കുറയ്ക്കാതെ ഇഷ്ടമുള്ളതെല്ലാം കുറഞ്ഞ അളവില്‍ കഴിക്കുകയാണ് ഡയറ്റിങ്ങിലെ ആദ്യ പാഠമെന്നു കരീന പറയുന്നു.

∙മസില്‍ വുമൺ: വെയ്റ്റ് കുറയ്ക്കുക എന്നു വച്ചാല്‍ മസിലുകളും എല്ലുകളും സ്ട്രോങ് ആക്കി തന്നെ അധിക ഭാരം കുറയ്ക്കണം. മസിലിന്റെ ബലം കൂടുന്തോറും ശരീരം ഒതുങ്ങും. ഭക്ഷണം ഉപേക്ഷിച്ചു വെയ്റ്റ് കുറച്ചാല്‍ തൂക്കം കുറയുമെങ്കിലും മസില്‍ ബലം നഷ്ടപ്പെടുന്നതിനാല്‍ ശരീരത്തില്‍ മാംസം തൂങ്ങിക്കിടക്കും.

∙നല്ല നടപ്പ്: എക്സര്‍സൈസ് ചെയ്യുന്നത് ഒരു ഭാരമാകാതെ നോക്കിയാല്‍ മതിയെന്നാണു കരീന സ്ത്രീകളോടു പറയുന്നത്. ദിവസവും അര മണിക്കൂര്‍ നടക്കുക. അതിനെക്കാള്‍ നല്ല എക്സര്‍സൈസ് ഇല്ല. വീട്ടില്‍ ട്രെഡ്മില്‍ ഉണ്ടെങ്കിലും അതു വേണ്ടെന്നു വച്ചു വഴിയിലിറങ്ങാനാണ് കരീനയുടെ ഉപദേശം. നടക്കാന്‍ വേണ്ടി നാടു മുഴുവന്‍ ചുറ്റുകയൊന്നും വേണ്ട. വീടിനു മുന്‍പിലെ ചെറിയ വഴിയിലൂടെ പല പ്രാവശ്യം നടന്നാല്‍ മതിയാകും.

About Web Desk