Home / ഫീച്ചറുകള്‍ / നഗ്നമായ മനുഷ്യക്കടത്ത്, മാംസക്കച്ചവടം; ഈ രാജ്യങ്ങളിൽ സ്ത്രീകളെ കാത്തിരിക്കുന്നത്
നഗ്നമായ മനുഷ്യക്കടത്ത്, മാംസക്കച്ചവടം; ഈ രാജ്യങ്ങളിൽ സ്ത്രീകളെ കാത്തിരിക്കുന്നത്

നഗ്നമായ മനുഷ്യക്കടത്ത്, മാംസക്കച്ചവടം; ഈ രാജ്യങ്ങളിൽ സ്ത്രീകളെ കാത്തിരിക്കുന്നത്

കിം ജോങ് ഉന്നിന്റെ  ഉത്തരകൊറിയയിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഏറെയുണ്ട്. രക്ഷപ്പെടുകയെന്നാൽ കടുത്ത ലൈംഗികചൂഷണത്തിൽനിന്നുള്ള മോചനം. തരംതാഴ്ത്തലിൽനിന്നുള്ള രക്ഷപ്പെടൽ. അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്യം. ഉദ്യോഗസ്ഥർ അധികാരം ഏറ്റവും സമർഥമായി ഉപയോഗിക്കുന്നതും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു ശിക്ഷയും കിട്ടാറുമില്ല. രക്ഷപ്പെട്ടു ചൈനയിലേക്കെത്തുന്നവരെ ദക്ഷിണകൊറിയയിലേക്ക് ഇറക്കുമതി ചെയ്യുന്നു. നഗ്നമായ മനുഷ്യക്കടത്ത്. മാംസവ്യാപാരം. രാജ്യങ്ങൾക്കിടയിൽ ഇന്നു നടക്കുന്ന ഏറ്റവും ഇരുണ്ട ഇടപാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചൈനയും ദക്ഷിണകൊറിയയും തമ്മിൽ ഇത്തരത്തിൽനടക്കുന്ന മനുഷ്യക്കടത്ത്.

ചൈനയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. സ്ത്രീകളുടെ അവസ്ഥ തികച്ചും ദയനീയം. ലിംഗവിവേചനം ഏറ്റവും രൂക്ഷമാണു ചെനയിൽ. ഒരു കുട്ടി നയം, ശിശുമരണ നിരക്ക്, നിർബന്ധിത ഗർഭഛിദ്രം, പെൺകുട്ടികളെ ഗർഭത്തിലേ നശിപ്പിക്കൽ …ഇവയെല്ലാം ചൈനയുടെ ജനസംഖ്യയെ സാരമായി ബാധിച്ചിരിക്കുന്നു ഇന്നു സ്ത്രീകളുടേതിനേക്കാൾ പുരുഷൻമാരുടെ എണ്ണം വളരെക്കൂടുതൽ.

പല മേഖലകളിലും പാവപ്പെട്ട കർഷകകുടുംബത്തിലെ പുരുഷൻമാർക്കും മറ്റും വിവാഹത്തിലൂടെ സ്ത്രീകളെ ലഭിക്കാറുതന്നെയില്ല. സ്ത്രീകളെ വിലകൊടുത്തു വാങ്ങിക്കേണ്ടിവരുന്നവരുമുണ്ട്. ഉത്തരകൊറിയയിൽനിന്നു വർഷം തോറും രക്ഷപ്പെട്ടോടുന്നവരിൽ 85 ശതമാനവും സ്ത്രീകളായതിന്റെ കാരണവും മറ്റൊന്നല്ല.

ഓരോ വർഷവും ഉത്തരകൊറിയയിൽനിന്നു ചൈന വഴി ദക്ഷിണകൊറിയയിലേക്ക് ഒളിച്ചോടുന്നു സ്ത്രീകൾ– പുതു ജീവിതത്തിന്റെ വാഗ്ദത്ത ഭൂമി തേടി. പക്ഷേ ഇടത്താവളമായ ചൈനയിൽ എത്തുമ്പോൾ സ്ത്രീകൾ വീണ്ടും ചൂഷണത്തിനിരയാകുന്നു. അനധികൃതമായി താമസിക്കുന്നതിനാൽ പലർക്കും ചൈനയിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല. പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നതു ജയിൽ–അവിടെ എണ്ണമറ്റ പുരുഷൻമാരുടെ ഇംഗിതത്തിനു വഴങ്ങേണ്ടിവരും.

സ്ത്രീകളോടുള്ള ഉത്തരകൊറിയയുടെ മനുഷ്യത്വരഹിതമായ സമീപനവും ചൈനയുടെ ആർജവമില്ലായ്മയും ഏറെപ്പറഞ്ഞ കാര്യങ്ങളാണ്. ചർച്ച ചെയ്യപ്പെട്ടവയും. 2014–ൽ ഐക്യരാഷ്ട്ര സംഘടനയുടെ ഒരു അന്വേഷണ കമ്മിഷൻ നടത്തിയ കണ്ടെത്തലുകൾ ഞെട്ടിക്കുന്നവയാണ്–സമാനതകളില്ലാത്ത ക്രൂരതകൾ ഉത്തരകൊറിയയിൽ സ്ത്രീകൾക്കു നേരെ നടക്കുന്നു.കൊലപാതകം. മാനഭംഗം.തടവ്. നിർബന്ധിത ഗർഭഛിദ്രം. മറ്റു ലൈംഗിക അതിക്രമങ്ങൾ എന്നിവ. ഏറ്റവും ഭീകരമായത് ഇതേ അതിക്രമങ്ങൾ കുട്ടികൾക്കെതിരെയും നടക്കുന്നു എന്നത്.

രാഷ്ട്രീയ തടവുകേന്ദ്രങ്ങളിൽ കുട്ടികളെ അന്യായമായി പാർപ്പിക്കുന്നതു പതിവ്.ചൈനീസ് പുരുഷൻമാർ ഉത്തരകൊറിയയിൽനിന്നുള്ള കുട്ടികളെ ഭാര്യമാരാക്കിയും മാംസവ്യാപാരത്തിനായും ഉപയോഗിക്കുന്നുമുണ്ട്. യാതൊരു പൗരാവകാശങ്ങളുമില്ല. സ്വാതന്ത്ര്യം എന്താണെന്നു തന്നെ അറിവില്ലാത്ത കുട്ടികൾ. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഡെപ്യൂട്ടി എയർ ഏഷ്യാ ഡയറക്ടർ ഫിൽ റോബർട്സൺ പറയുന്നത് ലൈംഗിക വിവേചനം ഏറ്റവും രൂക്ഷമായി നടക്കുന്നത് ഉത്തരകൊറിയയിൽ ആണെന്ന്.

വീട്ടിലും ജോലിസ്ഥലത്തും സ്ത്രീകൾ വിവേചനം നേരിടുന്നു. ലൈംഗീകാതിക്രമത്തിന് ഇരയാകുന്നു. പരാതികൾ ആരും ചെവിക്കൊള്ളുന്നുമില്ല–റോബർട്സ്ൺ പറയുന്നു. വളരെ ചെറുപ്പത്തിലേ തുടങ്ങുന്നു കുട്ടികളുടെ ദയനീയ അനുഭവങ്ങൾ. വീട്ടിലും സ്കൂളിലും മറ്റും ഇതു തുടരുന്നു. പൊതുസ്ഥലങ്ങളിലും ക്രൂരതകൾക്കു കുറവില്ല. ചന്തസ്ഥലങ്ങളിൽപ്പോലും സ്ത്രീകൾ മർദനം ഏറ്റുവാങ്ങേണ്ടിവരുന്നു. ഇരകൾക്ക് അവകാശങ്ങളൊന്നും തന്നെയില്ല.

വീടുകളിൽ നടക്കുന്ന എണ്ണറ്റ പീഡനങ്ങൾ റിപോർട്ട് ചെയ്യപ്പെടാറേയില്ല. പരാതിയുമായി അധികൃതരുടെ വാതിലുകളിൽ മുട്ടിയാൽ കാത്തിരിക്കുന്നത് അടുത്തഘട്ടം പീഡനങ്ങൾ തന്നെ. കുട്ടികളോടു ക്രൂരമായി പെരുമാറുന്നവരെയും വെറുതെ വിടുകയാണു പതിവ്. ലൈംഗിതാക്രമത്തിന്റെ പേരിലോ സ്ത്രീകൾക്കെതിരെയുള്ള ക്രൂരതയുടെ പേരിലോ ഒരാളു പോലും ശിക്ഷിക്കപ്പെടുന്നില്ല ഉത്തരകൊറിയയിൽ. കാരണം വളരെ വ്യക്തം. ഒരു കുറ്റവും റിപോർട്ട് ചെയ്യപ്പെടാത്തയിടത്ത് എന്തു ശിക്ഷ.

രക്ഷപെട്ടോടുന്നവർ ചൈനയിൽ അനുഭവിക്കുന്നതു പീഡനം. പിടിക്കപ്പെട്ടാൽ വീണ്ടും പീഡനം. തിരിച്ചു സ്വന്തം രാജ്യത്തേക്കു മടക്കിയയച്ചാലോ കാത്തിരിക്കുന്നതു പ്രതികാരവും. തിരിച്ചുകൊണ്ടുവരുന്നവരെ പാർപ്പിക്കുന്ന തടവുകേന്ദ്രങ്ങൾ നരക സമാനമാണെന്നു പറയുന്നു ശിക്ഷകൾ അനുഭവിക്കേണ്ടിവന്നവർ.

മൂന്നുതവണ രക്ഷപ്പെടാൻ ശ്രമിച്ചു പരാജയപ്പെട്ട, നാലാം തവണ മാത്രം വിജയിച്ച ഒരു യുവതി തനിക്കനുഭവിക്കേണ്ടിവന്ന ക്രൂരതകൾ ഐക്യരാഷ്ട്ര സംഘടനയിൽ വിവരിക്കുകയുണ്ടായി. കേട്ടിരുന്നവർ സ്തബ്ധരായിപ്പോകുന്ന ക്രൂരതകൾ. പൈശാചികതകൾ. ആവരുടെ ആദ്യത്തെ കുട്ടിയെ നിർബന്ധിതമായി ഗർഭഛിദ്രത്തിനു വിധേയയാക്കി. സഹോദരിയെ അടിമയാക്കി പിടിച്ചു. എല്ലാം രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ പേരിൽ.

ഉത്തരകൊറിയയിൽനിന്നു രക്ഷപ്പെട്ടെത്തുന്നവർക്കായി ഇടത്താവളമൊരുക്കുന്നതിന്റെ പേരിലും ക്രൂരതകൾ തുടരുന്നതിന്റെ പേരിലും ചൈനയ്ക്കെതിരെ പലതരം ബോധവത്കരണങ്ങൾ നാളിതുവരെയുണ്ടായി. ഇപ്പോഴും ചൈന നിശ്ശബ്ദത നടിക്കുന്നു. ആവർത്തിക്കപ്പെട്ട ക്രൂരതകൾ തുടരുകയും ചെയ്യുന്നു. എന്നാണ് എല്ലാറ്റിനും അവസാനം എന്ന ചോദ്യത്തിനു ലഭിക്കുന്നില്ല ഉത്തരം.

About Web Desk