Home / ഫീച്ചറുകള്‍ / കുഞ്ഞുങ്ങൾ അമ്മയ്ക്കു മുമ്പേ കണ്ട മുഖം
കുഞ്ഞുങ്ങൾ അമ്മയ്ക്കു മുമ്പേ കണ്ട മുഖം

കുഞ്ഞുങ്ങൾ അമ്മയ്ക്കു മുമ്പേ കണ്ട മുഖം

മേഘാലയയിലെ ആ മലനിരകള്‍ക്കിടയിലുള്ള ഗ്രാമങ്ങളില്‍ ഒരു മികച്ച ആശുപത്രിയോ അവിടെ ഡോക്ടര്‍മാരുടെ സേവനമോ സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ ഒരുകാലത്ത്. എന്നാല്‍ എന്നും അവിടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഒരു മാലാഖയുണ്ടായിരുന്നു.

കൃത്യമായിപ്പറഞ്ഞാല്‍ 62 കൊല്ലമായി കയീക് മുഖിം എന്ന നഴ്‌സ് മേഘാലയയില്‍ നഴ്‌സ് ജീവിതം ആരംഭിച്ചിട്ട്. ഇതിനോടകം പ്രസവശുശ്രൂഷകയായി അവര്‍ ഭൂമിയിലേക്കു കൈപിടിച്ചു നയിച്ചത് ആയിരത്തിലേറെ കുരുന്നുകളെ. ഏതു പാതിരാത്രി വന്നു വിളിച്ചാലും ജനങ്ങളെ സഹായിക്കാനായി ഒരു വിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യാന്‍ യാതൊരു മടിയുമില്ലാതിരുന്ന മുഖീം ഒടുവില്‍ വിരമിച്ചു.

എണ്‍പതാം വയസ്സു വരെ ജനസേവനവുമായി ഖരാങ് റൂറല്‍ സെന്ററിലുണ്ടായിരുന്നു (കെആര്‍സി) അവര്‍. എന്നാല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണു വിരമിക്കല്‍ തീരുമാനം.

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ ഓരോ കുരുന്നിനും പരിചിതമാണ് മുഖീമിന്റെ മുഖം. ഒരുപക്ഷേ അവരില്‍ ഭൂരിപക്ഷം പേരും അമ്മയ്ക്കും മുന്‍പേ കണ്ട മുഖം. റൂറല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന ഖാരങ് ഷില്ലോങ്ങില്‍ നിന്ന് 40 കി.മീ. ദൂരെയാണ്. ഏകദേശം 52 കുടുംബങ്ങളിലായി 2100ലേറെപ്പേരാണ് ജനസംഖ്യ.

സമീപഗ്രാമങ്ങളിലായി ഏകദേശം എണ്ണൂറോളം പേരും. ഇവിടങ്ങളിലായിരുന്നു അറുപതു വര്‍ഷത്തിലേറെയായി മുഖീമിന്റെ പ്രധാന കര്‍മമേഖല. ബ്രിട്ടിഷുകാരിയായ ആനി മാര്‍ഗരറ്റാണ് ഖാരങ്ങിലെ റൂറല്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുന്നത്. 1952ല്‍ അത് ആരംഭിക്കുമ്പോള്‍ ആവശ്യത്തിന് നഴ്‌സുമാരൊന്നും ഉണ്ടായിരുന്നില്ല. അന്ന് ആനി തിരഞ്ഞെടുത്ത ഒരു കൂട്ടം വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു മുഖീം.

പതിനെട്ടാം വയസ്സിലാണ് ആനിയുടെ ശിക്ഷണത്തിലേക്ക് മുഖീം മാറുന്നത്. പിന്നീട് നഴ്‌സിങ് പഠനവും പരിശീലനവും. ഇതിന്റെ ഭാഗമായി മൂന്നു വര്‍ഷക്കാലയളവില്‍ ഷില്ലോങ് സിവില്‍ ഹോസ്പിറ്റല്‍, ഗണേശ് ദാസ് ഹോസ്പിറ്റല്‍, ടിബി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് കെആര്‍സിയിലേക്കെത്തുന്നത്.

നഴ്‌സ്, പ്രസവശുശ്രൂഷക എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 1957ല്‍, ഇരുപതാം വയസ്സില്‍ വിവാഹിതയായെങ്കിലും ജോലി ഉപേക്ഷിച്ചില്ല. സത്യത്തില്‍ പിന്നീടാണ് യഥാര്‍ഥ ജോലി മുഖീം ആരംഭിച്ചതു തന്നെ. ഇക്കഴിഞ്ഞ 62 വര്‍ഷവും ഒരു ദിവസം പോലും അവധിയെടുക്കാതെയെന്ന വിധമായിരുന്നു ജോലി. പ്രസവശുശ്രൂഷയ്ക്കായി ഇനി പോകാത്തയിടങ്ങളില്ല. മിക്ക സംഭവങ്ങളും നടക്കുക പാതിരാത്രിയിലായിരിക്കും. അതൊന്നും മുഖീമിനു പ്രശ്‌നവുമല്ല.

എത്ര കുട്ടികളെ ഇതിനോടകം ഭൂമിയിലേക്കു കൈപിടിച്ചു നയിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ ഓര്‍മയില്ലെന്നായിരിക്കും മുഖീമിന്റെ മറുപടി. അത്രയേറെയുണ്ട് ഓര്‍മക്കണക്കിൽ കെട്ടിക്കിടക്കുന്ന മുഖങ്ങൾ‍. ഖരാങ്ങിലും സമീപഗ്രാമങ്ങളിലും മാസത്തില്‍ കുറഞ്ഞത് രണ്ടു പ്രസവം വീതമെങ്കിലും എടുക്കാന്‍ പോയ കാലവുമുണ്ടായിട്ടുണ്ടെന്നും മുഖീം ഓര്‍മിക്കുന്നു.

ഒട്ടേറെ വര്‍ഷങ്ങള്‍ കെആര്‍സിയില്‍ ഒറ്റയാള്‍പോരാട്ടവും നടത്തിയിട്ടുണ്ട് മുഖീം. ഡോക്ടര്‍മാരില്ലാതിരുന്നതു തന്നെ കാരണം. എന്നിട്ടും പ്രദേശവാസികള്‍ക്ക് ഒരാപത്തും വരാതെ നോക്കിയിരുന്നു ഈ ‘നഴ്‌സമ്മ’. അടിയന്തര ഘട്ടങ്ങളില്‍പ്പോലും എല്ലാ മെഡിക്കല്‍ സഹായവും ഗ്രാമവാസികള്‍ക്ക് ഉറപ്പാക്കി മുഖീം. ഇക്കഴിഞ്ഞ ജൂണിലാണ് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അന്നുവരെ ദിനംപ്രതി കെആര്‍സിയിലെത്തിയിരുന്നു ഇവര്‍.

ആറു കുട്ടികളുടെ അമ്മ കൂടിയാണ് മുഖീം. അവരുടെ കൂടി സ്‌നേഹപൂര്‍ണമായ വാക്കുകളെത്തുടര്‍ന്നാണ് തന്റെ പ്രിയപ്പെട്ട ജോലിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാൻ മുഖീമിനെ പ്രേരിപ്പിച്ചത്. തിരികെപ്പോകുമ്പോഴും ഇത്രയും കാലം നേടിയെടുത്ത ഗ്രാമീണരുടെ സ്‌നേഹം മാത്രമായിരുന്നു സമ്പാദ്യം.

ലളിതമായ ചടങ്ങില്‍ യാത്രയയപ്പും കഴിഞ്ഞു. മറുപടി പ്രസംഗത്തില്‍ മുഖീം പറഞ്ഞു: ‘ഇനി പുതുതലമുറയ്ക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ട നേരമായി. പാവപ്പെട്ടവര്‍ക്കു വേണ്ടിയും ഗ്രാമങ്ങളിലെ, ഏതു പാതിരാത്രിയിലും മെഡിക്കല്‍ സേവനം വേണ്ടവര്‍ക്കായും അവര്‍ തങ്ങളുടെ ജീവിതം മാറ്റിവയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ…’ എണ്‍പതാം വയസ്സിലും തളരാത്ത ആ വാക്കുകള്‍ക്ക്് അവരാഗ്രഹിച്ച വിധമുള്ള സേവനത്തിലൂടെ തന്നെ പ്രതിഫലം നല്‍കാനാണു കെആര്‍സിയിലെ പുതുതലമുറയുടെ തീരുമാനം.

About Web Desk