Home / ആരോഗ്യം / അടുക്കള ജോലിക്കിടെ പാട്ടുകേട്ടോളൂ; പലതുണ്ട് ഗുണങ്ങള്‍
അടുക്കള ജോലിക്കിടെ പാട്ടുകേട്ടോളൂ; പലതുണ്ട് ഗുണങ്ങള്‍

അടുക്കള ജോലിക്കിടെ പാട്ടുകേട്ടോളൂ; പലതുണ്ട് ഗുണങ്ങള്‍

പാട്ട് കേള്‍ക്കാറുണ്ടോ??  ഓ അതിനൊക്കെ എവിടെയാ സമയം? ഇതാണ് നമ്മുടെ ഭൂരിപക്ഷം സ്ത്രീകളുടെയും പ്രതികരണം. ശരിയാണ് അടുക്കളയിലെ ജോലിതിരക്കും മക്കളുടെ പഠനത്തിനുവേണ്ടിയുള്ള ഒപ്പമിരിക്കലും ഓഫീസിലേക്കുള്ള ഓട്ടവുമൊക്കെയായി പല സ്ത്രീകളുടെയും ഒരു ദിവസത്തിന് തന്നെ രണ്ടുദിവസത്തെ ഭാരമുണ്ട്. അതിനിടയില്‍ പാട്ടുകേള്‍ക്കാനൊന്നും പലര്‍ക്കും സമയം കാണില്ല.

എന്നാല്‍ തിരക്കെല്ലാം കഴിഞ്ഞിട്ട് പാട്ടുകേള്‍ക്കാമെന്ന് വച്ചാല്‍ അതിന് മനസ്സും കാണില്ല. എന്നാല്‍  അടുക്കളയിലെ ജോലിത്തിരക്കിലും പാട്ടുകേള്‍ക്കാമെന്ന് മനസ്സ് വച്ചാല്‍ കേള്‍ക്കാവുന്നതേയുള്ളൂ. അതുവഴി ലഭിക്കുന്ന ഗുണങ്ങള്‍ അറിഞ്ഞാല്‍ ആര്‍ക്കും പാട്ടുകേള്‍ക്കാതിരിക്കാനുമാവില്ല.

കാതുകളില്‍ മാത്രമല്ല സംഗീതം നിറയുന്നത് അത്  ശരീരത്തിന്‍റെ ഓരോ അണുവിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാന്‍ പാട്ട് നമ്മെ സഹായിക്കും. അത്തരം ചില പ്രചോദനങ്ങളൊക്കെ പാട്ടുകേള്‍ക്കുമ്പോള്‍ നാം അറിയാതെ  സംഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ഓരോ ദിവസവും  കൂടുതല്‍ ആനന്ദകരമാക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പാട്ടുകേള്‍ക്കല്‍.

പാട്ടുകേള്‍ക്കുന്നതുവഴി രോഗസൗഖ്യം പോലും കിട്ടുന്നു എന്നതിന് തെളിവാണല്ലോ മ്യൂസിക് തെറാപ്പി. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം വളരെ ശക്തിയുള്ള ഒരു മരുന്ന് തന്നെയാണ് സംഗീതം. മനുഷ്യന്റെ തലച്ചോറിന് അനുദിനശബ്ദങ്ങളെ കൂടാതെ അതിന്റെ റിഥം, ടോണ്‍, ട്യൂണ്‍, ആവര്‍ത്തനം എന്നിവയെയും കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പാട്ടുകേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം പ്രതികരണങ്ങള്‍ ആരോഗ്യത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു.

പ്രായമായവരില്‍ അവരുടെ അവബോധലങ്ങളി  ഇത് പുത്തനുണര്‍വ് സൃഷ്ടിക്കുന്നു. കുട്ടികള്‍ക്കും മറ്റും കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും സമ്മാനിക്കുന്നു. പാട്ടുകേട്ട് ഓപ്പറേഷന്‍ ചെയ്യുന്ന സര്‍ജന്‍മാര്‍ പോലുമുണ്ട്. തലച്ചോര്‍ സംബന്ധമായ ക്ഷതം സംഭവിച്ച് സംസാരശേഷി നഷ്ടമായവര്‍ക്ക് സംസാരശേഷി വീണ്ടെടുക്കാനും പാട്ട് സഹായിക്കും.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും മറ്റ് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ക്കും പാട്ടു കേള്‍ക്കുന്നത് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡിപ്രഷന്‍, ദേഷ്യം, ഉത്കണ്ഠ, ഭയം എന്നിവയെല്ലാം അകറ്റുന്നതിനും സംഗീതം നല്ലൊരു മരുന്നുതന്നെ. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സ്‌ട്രെസ് കുറയ്ക്കാനും സംഗീതത്തിന് കഴിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

പാട്ടുകേട്ടുകൊണ്ട് ഉറങ്ങുന്നത് സ്‌ട്രെസും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. അമ്മമാര്‍ കുഞ്ഞുങ്ങളെ പാട്ടുപാടി ഉറക്കുന്നത്  തന്നെ ആലോചിച്ചുനോക്കിയാല്‍ മതി. മക്കള്‍ക്ക് അമ്മയുടെ സ്വരവും പാട്ടിന്റെ ഈണവും സുരക്ഷിതത്വം നല്കുന്നുണ്ട്. അതുപോലെ പാട്ടുകേട്ട് കൊണ്ട് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതും നല്ലതാണ്. കൂടുതല്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാനും ഇത് സഹായിക്കും. നാഷനല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ സര്‍വേ പ്രകാരം അമേരിക്കയില്‍ 46 ശതമാനം പേരില്‍  ഒരാള്‍ക്കെങ്കിലും ഏതെങ്കിലുമൊക്കെ വിധത്തിലുള്ള മാനസികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. 1987 മുതല്‍ 2007 വരെയുള്ള കണക്കുപ്രകാരം  ഇത് 35 ശതമാനം വര്‍ദ്ധിച്ചിട്ടുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം പാട്ടുകേട്ടപ്പോള്‍ അവരുടെ മാനസികനിലയില്‍ അത്ഭുതകരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.

അതുകൊണ്ട് തിരക്കിനിടയിലും പാട്ടുകേള്‍ക്കുന്നത് ഒരു ശീലമാക്കാം. അടുക്കളയില്‍ ധൃതിവച്ച് ജോലിയെടുക്കുമ്പോഴും ഇയര്‍ ഫോണിലൂടെ പാട്ടുകേൾക്കൂ അത് ജോലിയുടെ വിരസതപോലും അകറ്റും. നിങ്ങള്‍, നിങ്ങളുടെ വീടിന്‍റെ സംഗീതമാകുക. അതാണ് മുഖ്യം. വീടുകളില്‍ സംഗീതമാകുന്നതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ സ്വയം ഏറ്റെടുക്കുക. നമ്മുടെ വീടുകളില്‍ ഇനി പാട്ടിന്റെ പാലാഴിയുണ്ടാവട്ടെ..

About Web Desk