Home / പേരന്റിംഗ് / സമ്പാദിക്കാന്‍ കുട്ടികളെയും പഠിപ്പിക്കാം
സമ്പാദിക്കാന്‍ കുട്ടികളെയും പഠിപ്പിക്കാം

സമ്പാദിക്കാന്‍ കുട്ടികളെയും പഠിപ്പിക്കാം

മനുഷ്യര്‍ക്കുണ്ടാകേണ്ട നല്ല ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമ്പാദ്യശീലം. അധ്വാനത്തിന് ഫലം ലഭിക്കണമെങ്കില്‍ സമ്പാദ്യശീലം കൂടിയേതീരൂ. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുട്ടികളെ മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ സമ്പാദ്യശീലത്തിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കാനാവും. സമ്പാദ്യശീലം വളരെ നല്ലതും, ഒരാള്‍ തന്റെ ഭാവിയെ എങ്ങനെ മുന്‍കൂട്ടിക്കാണുന്നു എന്നും അതിനായി എന്ത് പദ്ധതികള്‍ തയ്യാറാക്കുന്നു എന്നും കാണിക്കുന്നതുമാണ്. കുട്ടികളില്‍ സമ്പാദ്യശീലത്തിന് തുടക്കം കുറിക്കാന്‍ പ്രത്യേക പ്രായപരിധിയൊന്നുമില്ലെങ്കിലും സ്കൂളില്‍ അയക്കുന്നതു മുതല്‍ സമ്പാദ്യശീലം പഠിപ്പിക്കാന്‍ ആരംഭിക്കാം. കുട്ടികള്‍ വിവിധ ആശയങ്ങളെ മനസിലാക്കാനാരംഭിക്കുന്നത് ഈ പ്രായം മുതലാണ്. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാനുള്ള വഴികളാണ് ഇവിടെ പറയുന്നത്.

1. സമ്പാദ്യപ്പെട്ടി സമ്മാനിക്കുക
ആധുനിക യുഗത്തില്‍ കാലഹരണപ്പെട്ടതെന്ന് തോന്നാമെങ്കിലും കുട്ടികളെ സമ്പാദ്യശീലം പഠിപ്പിക്കാന്‍ വളരെ ഫലപ്രദമാണിത്. ഇങ്ങനെ പണം സമ്പാദിച്ചാല്‍ ആവശ്യം വരുമ്പോള്‍ ഇത് ഉപയോഗിച്ച് കളിപ്പാട്ടങ്ങളും മറ്റും വാങ്ങാനാവുമെന്ന് അവരോട് പറയുക. മാസം തോറും ഒരു നിശ്ചിത തുക കുട്ടികള്‍ക്ക് നല്കുകയും അത് സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
2. മാതൃകയാവുക
മാതാപിതാക്കള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും കുട്ടികളുടെ പ്രവൃത്തികളില്‍ കാണുന്നത്. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ അവര്‍ക്ക് മാതൃകയാവേണ്ടതുണ്ട്. നിങ്ങള്‍ പ്രവൃത്തികളിലൂടെ കാണിക്കുന്ന ഉദാഹരണങ്ങളിലൂടെ സമ്പാദിച്ച തുക എങ്ങനെ, എപ്പോള്‍ വിനിയോഗിക്കാം എന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കാം.
3. കഥയിലൂടെ പഠിപ്പിക്കുക
സമ്പാദ്യശീലം സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ കഥപറച്ചില്‍ അനുയോജ്യമാണെന്ന് ഡോ. സോനാര്‍ പറയുന്നു. ഇന്ത്യന്‍ സാഹിത്യത്തില്‍ ഇത്തരത്തില്‍ നിരവധി കുട്ടിക്കഥകള്‍ ലഭ്യമാണെന്നും, കാക്കയുടെയും കല്ലുകളുടേയും കഥ ഉദാഹരണമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
4. സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ ആരംഭിക്കുക
കുട്ടികള്‍ ടീനേജ് പ്രായത്തിലുള്ളവരാണെങ്കില്‍ സേവിങ്ങ്‌സ് അക്കൗണ്ട് ആരംഭിക്കുന്നത് നല്ലൊരു കാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുക. കുട്ടികളോട് നേരിട്ട് ബാങ്കില്‍ പോയി നിക്ഷേപിക്കാനാവശ്യപ്പെടുന്നത് വഴി അക്കാര്യത്തില്‍ അവര്‍ക്ക് അറിവ് നേടാനാവും.
5. പ്രോത്സാഹനം
പതിവായി പണം നിക്ഷേപിക്കുന്നതിന് പ്രോത്സാഹനം നല്കാം. തുകയുടെ വലുപ്പം ഇതില്‍ പ്രധാനപ്പെട്ട കാര്യമല്ല. സമ്പാദ്യശീലത്തിനാണ് നമ്മള്‍ പ്രാധാന്യം നല്കുന്നത്. ചെറിയ തുകകള്‍ സമാഹരിച്ച് വെയ്ക്കുന്നത് ശീലമാക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ ജീവിതത്തിലുടനീളം ഗുണകരമായിത്തീരും.