Home / ഫീച്ചറുകള്‍ / നര്‍ത്തകിയ്ക്ക് ശരീരമാണ് ആയുധം
നര്‍ത്തകിയ്ക്ക് ശരീരമാണ് ആയുധം

നര്‍ത്തകിയ്ക്ക് ശരീരമാണ് ആയുധം

നൃത്തമായാലും ആയോധന കലയായാലും ശരീരമാണ് ആയുധം. തേച്ചുമിനുക്കി കൊണ്ടുനടന്നില്ലെങ്കില്‍ വളരെവേഗം നശിച്ചുപോകും. അവനവന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം” പറയുന്നത് ഇന്ത്യയിലെ യുവനര്‍ത്തകരില്‍ ശ്രദ്ധേയയായ ശ്വേത പ്രചണ്ഡെ. ഭരതനാട്യാവതരണവുമായി ഇന്ത്യയ്ക്കകത്തും പുറത്തും തിരക്കേറിയ ശ്വേത ഗവ. മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച ആസ്പത്രിദിനാഘോഷ വേദിയില്‍ നൃത്തമവതരിപ്പിക്കാനാണ് കോഴിക്കോട്ടെത്തിയത്.

”ഒരേസമയം പലകാര്യങ്ങളില്‍ സജീവമാകുന്നവരാണ് നമ്മള്‍. പുതുതലമുറയില്‍ നര്‍ത്തകര്‍ പല കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നവരാണ്. ഓരോന്നും പതുക്കെ സ്വായത്തമാക്കുന്നതാണ് ഉചിതം. ഇക്കാര്യത്തില്‍ അല്പം ക്ഷമ ആവശ്യമാണ്.”  ഭരതനാട്യവും റഗ്ബിയും കളരിയും സമകാലീന നൃത്തവുമൊക്കെയായി പല മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരി പറയുന്നു.

നാലാം വയസ്സിലാണ് ശ്വേത നൃത്തം പഠിച്ചുതുടങ്ങിയത്. വളര്‍ന്നപ്പോള്‍, ഭരതനാട്യത്തില്‍ ശ്രദ്ധയൂന്നി. പ്രമുഖ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദിനുകീഴില്‍ പരിശീലനം തുടരുന്ന ഇവര്‍ ഒട്ടേറെ അന്താരാഷ്ട്ര വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചുകഴിഞ്ഞു. ബാലശ്രീ പുരസ്‌കാരം നേടിയ വേളയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്തുകൊണ്ട് കിര്‍ഗിസ്താനില്‍ നൃത്തം അവതരിപ്പിച്ചു.

മാലദ്വീപിലെ കോമണ്‍വെല്‍ത്ത് ഫെസ്റ്റിവലിലും നൃത്തം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളേജിന് കീഴിലുള്ള ‘ദ ട്രിനിറ്റി ലബാന്‍ കണ്‍സര്‍വേറ്ററി ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സി’ ല്‍ നിന്ന് കണ്ടംപററി നൃത്തത്തില്‍ ഡിപ്ലോമ ചെയ്തിട്ടുണ്ട്. ഇക്കാലത്താണ് ലണ്ടനിലെ നെഹ്രു സെന്ററില്‍ നൃത്തമവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. യൂറോപ്യന്‍ കലാകാരന്മാരില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനായെന്ന് അവര്‍ പറയുന്നു. നമ്മള്‍ തറയില്‍ നിന്നുകൊണ്ടുള്ള നൃത്തരീതിയാണ് അവലംബിക്കുന്നതെങ്കില്‍, വായുവിലേക്ക് പൊങ്ങിയും കരണം മറിഞ്ഞുമൊക്കെ ചെയ്യുന്നരീതിയാണ് അവരുടേത്.

ഇന്ത്യന്‍ നൃത്തരൂപങ്ങളില്‍ മുഖത്തെ ഭാവങ്ങള്‍ക്കാണ് പ്രാധാന്യം. ഇത്തരം വ്യത്യാസങ്ങള്‍ക്കൊക്കെയപ്പുറത്ത്, സ്വന്തം ശരീരം എങ്ങനെ കൂടുതല്‍ ഓജസ്സുള്ളതും ക്ഷമതയുള്ളതുമാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് യൂറോപ്യന്‍ കലാകാരന്മാര്‍. ഭക്ഷണത്തിനും വ്യായാമത്തിനും വിശ്രമത്തിനുമൊക്കെ അതിന്റേതായ ചിട്ടകളുണ്ട്. നൃത്തം തുടങ്ങുന്നതിനുമുമ്പ് ചെയ്യുന്ന വാമപ്പുകള്‍ നമുക്കും പിന്തുടരാവുന്നണൈന്നാണ് ശ്വേതയുടെ അഭിപ്രായം.

ഇന്ത്യന്‍ നര്‍ത്തകര്‍ പരമാവധി നൃത്തം അഭ്യസിക്കുമെന്നല്ലാതെ, ശാരീരികക്ഷമത നിലനിര്‍ത്തുന്നതിന് എന്തെങ്കിലും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ശരീരമാണ് നമ്മുടെ ആയുധം. അതിരുകവിഞ്ഞ രീതിയില്‍ ഉപയോഗിച്ചാല്‍, വളരെ പെട്ടന്നുതന്നെ നശിച്ചുപോകും.
ശരീരത്തിന്റെ ചിട്ടയും സ്റ്റാമിനയും നിലനിര്‍ത്താന്‍ ശ്വേതയ്ക്ക് സഹായകമാകുന്നത് യോഗയും ജിമ്മും കളരിപ്പയറ്റുമാണ്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും യോഗ ചെയ്യും. അഞ്ചോ ആറോ തവണ രണ്ടു മണിക്കൂര്‍ വീതമുള്ള നൃത്താഭ്യാസം. ശരീരത്തിനും മനസ്സിനും ചിട്ടയും താളവും നല്‍കാന്‍, ശരീരത്തെ കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ കളരിപ്പയറ്റുപോലെ മറ്റൊന്നില്ലെന്ന് ശ്വേത ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളൊന്നുമില്ലാതെ അടവുകള്‍ പരിശീലിക്കുന്നത് നര്‍ത്തകര്‍ക്ക് ഏറെ ഗുണം ചെയ്യും. വളരെ ‘സ്ട്രിക്റ്റ് ആയൊരു ഗ്രാമര്‍’. ഇതാണ് കളരിയുടെ സവിശേഷതയെന്നും അവര്‍ പറയുന്നു.

ഭരതനാട്യത്തില്‍നിന്ന് ലഭിക്കാത്ത, സംഘബോധം പകര്‍ന്നുതന്ന ഒന്നാണ് റഗ്ബിയെന്ന് ശ്വേത ചൂണ്ടിക്കാട്ടുന്നു. നൃത്തത്തില്‍ ജയവും തോല്‍വിയുമെല്ലാം ഒറ്റയ്ക്ക് ഏറ്റുവാങ്ങണം. ചെറുപ്പംമുതലേ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. പുണെയിലായിരിക്കെ, ഒരിക്കല്‍ ഫുട്‌ബോള്‍ കളിക്കാനായി പോയപ്പോഴാണ് റഗ്ബി കാണുന്നതും കളിച്ചുനോക്കുന്നതും. ഒരുമിച്ച് കളിക്കുമ്പോഴുള്ള ഒരു രസം. അക്കാലത്ത് പുണെയില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ റഗ്ബി ഒരു ജനപ്രിയ ഇനമായിരുന്നു.

ഇന്ത്യയിലെ പല കോണുകളിലായുള്ള കളിക്കാരികളെ തിരഞ്ഞുപിടിച്ച് ആദ്യ ദേശീയ ടീം ഉണ്ടാക്കിയപ്പോഴും ഏറ്റവും കൂടുതല്‍ താരങ്ങള്‍ പുണെയില്‍ നിന്നായിരുന്നു. 2009ല്‍ തായ്‌ലാന്‍ഡില്‍ നടന്ന ഏഷ്യന്‍ സെവന്‍സ് ടൂര്‍ണമെന്റ് കളിച്ച ടീമില്‍ ശ്വേതയും അംഗമായിരുന്നു. ലാവോസ്, കംപോഡിയ തുടങ്ങിയ ടീമുകളെ തോല്പിച്ച് ശ്രദ്ധ നേടാനും ടീമിനായി. ലണ്ടനിലെ കെന്റില്‍ ട്രിനിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെ, അവിടത്തെ പ്രാദേശിക ടീമിനുവേണ്ടി കളിക്കാനും അവസരം ലഭിച്ചു.

ഏതാനും വര്‍ഷങ്ങളായി നൃത്തത്തില്‍ മാത്രമാണ് ശ്രദ്ധ. നൃത്തത്തിനും കളിക്കും രണ്ടുതരത്തിലുള്ള ശാരീരിക ക്ഷമതയാണ് വേണ്ടത് എന്നതാണ് കാരണം. അനിയത്തി സലോനി നല്ലൊരു റഗ്ബി കളിക്കാരിയാണ്. അച്ഛന്‍ സൂര്യകാന്ത് കര്‍ണാടക സ്വദേശിയാണ്. പഞ്ചാബില്‍ വേരുകളുള്ള ശശിയാണ് അമ്മ. ചെന്നൈ സ്വദേശിയായ ഭര്‍ത്താവ് റിത്വിക് രാജ, ടി.എം. കൃഷ്ണയ്ക്ക് കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്.

സംഗീതവും നൃത്തവുമായി രണ്ടുപേരും രണ്ടുവഴിക്ക് സഞ്ചരിക്കുമ്പോഴും മുറതെറ്റാതെ ഇരുവരും ചെന്നൈയിലെ വീട്ടില്‍ ഒത്തുചേരുന്നു. കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ നടന്ന ധരണി ഉത്സവത്തില്‍ ഇരുവരുംചേര്‍ന്ന് വേദിയില്‍ അവതരണം നടത്തിയിരുന്നു. പല സംസ്‌കാരങ്ങള്‍ ഒത്തുചേര്‍ന്നുള്ള കുടുംബാന്തരീക്ഷം ഇന്ത്യയുടെ നാനാത്വത്തെ നൃത്തത്തിലും ജീവിതത്തിലും സൗന്ദര്യമാക്കി മാറ്റാന്‍ സഹായകമായെന്നും ഇവര്‍ പറയുന്നു.

About Web Desk