ഈ പുതുവര്‍ഷം വേദാംഗി കുല്‍ക്കര്‍ണിക്ക് നിര്‍ണായകമാണ്. ഏറെക്കാലമായി മനസ്സിലിട്ട് താലോലിച്ച ഒരു സ്വപ്നം പൂവണിയുന്നതിനായുള്ള കാത്തിരിപ്പിലും അതിന് വേണ്ടിയുള്ള കഠിനപ്രയത്നത്തിലുമാണ് പൂണെ സ്വദേശിനിയായ ഈ പത്തൊമ്പതുകാരി.
സ്വപ്നം മറ്റൊന്നുമല്ല. 29,000 കിലോമീറ്ററുകള്‍ 130 ദിവസങ്ങള്‍ക്കുള്ളില്‍ സൈക്കിളില്‍ പിന്നിടണം. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ പ്രായം കുറഞ്ഞ വനിതയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കണം. ‘എനിക്കറിയാം അത് വളരെ രസകരമായിരിക്കുമെന്ന്, വളരെ ആവേശത്തിലാണ് ഞാന്‍.’ അത്രയൊന്നും എളുപ്പമല്ലാത്ത സ്വപ്നത്തെ ആവേശത്തോടെയാണ് വേദാംഗി താലോലിക്കുന്നത്.
2018 ജൂണിന് യാത്ര തുടങ്ങും. അഞ്ചുഘട്ടങ്ങളായാണ് യാത്ര. ആസ്ട്രേലിയയില്‍ നിന്നാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ബോണ്മൗത് യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ് മാനേജ്മെന്റിന് പഠിക്കുകയാണ് വേദാംഗി. സ്കൂള്‍ പഠനസമയത്ത് മികച്ചൊരു ഫുട്ബോളറായിരുന്ന വേദാംഗിയുടെ ശ്രദ്ധ ഫുട്ബോളിലേക്ക് തിരിയുകയായിരുന്നു. പിന്നീട് സ്പോര്‍ട്സ് മാനേജ്മെന്റ് പഠനത്തിനായി യുകെയില്‍ എത്തിയതോടെയാണ് സൈക്കിളില്‍ ലോകം ചുറ്റുന്ന ആഗ്രഹം ശക്തമായത്.